ഒമാൻ: അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയ ശേഷം ഇന്ത്യൻ താരങ്ങൾ നടത്തിയ ആവേശകരമായ വിജയാഘോഷങ്ങളുടെ കാരണം വെളിപ്പെടുത്തി യുവതാരം യഷ്വീർ ഗൗഡ്. മുൻപ് നടന്ന മത്സരത്തിൽ പാക്കിസ്ഥാൻ താരങ്ങളിൽ നിന്നുണ്ടായ പരിഹാസങ്ങൾക്കും മോശം പെരുമാറ്റത്തിനും മറുപടി നൽകാനുള്ള വാശിയാണ് ആഘോഷങ്ങളിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ദീപാവലി ദിനത്തിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാക്കിസ്ഥാനോട് ഇന്ത്യ തോറ്റിരുന്നു. എന്നാൽ ഫൈനലിൽ വീണ്ടും നേർക്കുനേർ വന്നപ്പോൾ ആ പരാജയത്തിന് ഇന്ത്യ മധുരപ്രതികാരം വീട്ടി. ഗ്രൂപ്പ് മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ ജയം. അർജുൻ രാജ്പുതിന്റെ സെഞ്ചുറി മികവിൽ ഇന്ത്യ 208 റൺസ് നേടിയെങ്കിലും, ഹംസ സറൂറിന്റെ സെഞ്ചറി കരുത്തിൽ പാക്കിസ്ഥാൻ ലക്ഷ്യം മറികടന്നു. അന്ന് ഇരുടീമുകളിലെയും താരങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റവും അസഭ്യവർഷവും ഉണ്ടായതോടെ തോൽവി ഇന്ത്യൻ താരങ്ങളെ ഏറെ വേദനിപ്പിച്ചിരുന്നു.
എന്നാൽ ഫൈനലിൽ ഇതിന് മറുപടി നൽകാൻ ഇന്ത്യൻ താരങ്ങൾ ഉറപ്പിച്ചിരുന്നു. കിരീടവിജയത്തിന് ശേഷമുള്ള ആഘോഷങ്ങൾ ഇത്രയധികം വൈകാരികമായതിന്റെ കാരണം യഷ്വീർ വിശദീകരിക്കുന്നു. “ദീപാവലി ദിനത്തിലെ മത്സരത്തിൽ ഞങ്ങൾ തോറ്റിരുന്നു. അന്ന് കളിക്കിടെ വാക്കേറ്റങ്ങളുണ്ടാവുകയും മോശം ഭാഷ ഉപയോഗിക്കപ്പെടുകയും ചെയ്തു. തോറ്റുപോയതിനാൽ അന്ന് ഞങ്ങൾക്ക് ഒന്നും തിരിച്ചു പറയാൻ സാധിച്ചില്ല. ഫൈനലിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. മികച്ച പ്രകടനത്തിലൂടെ ഇന്ത്യയുടെ കരുത്ത് തെളിയിക്കണമെന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യം,” യഷ്വീർ ‘ഇന്ത്യ ടുഡേ’യോട് പറഞ്ഞു.
നവംബർ 14-ന് നടന്ന ഫൈനലിൽ ഒരു വിക്കറ്റിന്റെ ആവേശകരമായ വിജയമാണ് ഇന്ത്യ നേടിയത്. 338 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 252 റൺസിന് എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് തോൽവി മുന്നിൽ കണ്ടിരുന്നു. എന്നാൽ മനാൽ ചൗഹാൻ (47), പുറത്താകാതെ 49 റൺസ് നേടിയ മോഹിത് ഉൽവ എന്നിവർ ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. അവസാന പന്തിൽ ബൗണ്ടറി നേടിയ മോഹിത്താണ് ഇന്ത്യക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്.
വിജയത്തിന് പിന്നാലെ ആവേശത്തോടെ ആഘോഷിച്ചവരിൽ യഷ്വീറും ഉണ്ടായിരുന്നു. എതിർടീമിലെ താരങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആഘോഷങ്ങളെക്കുറിച്ചും അതിനെതിരെയുള്ള വിമർശനങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ, തങ്ങൾ നേരത്തെ നേരിട്ട അനുഭവങ്ങൾക്ക് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്ന് യഷ്വീർ വ്യക്തമാക്കി.
“അവർ മുൻപ് ചെയ്തത് തന്നെയാണ് ഞങ്ങളും ചെയ്തത്. അന്ന് അവർ പ്രതികരിക്കാതിരുന്നപ്പോൾ ഞങ്ങളും മിണ്ടിയില്ല. ഇന്ത്യൻ ജഴ്സിയാണ് ഞങ്ങൾ അണിഞ്ഞിരുന്നത്. ഈ നിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. എല്ലാവരും ഏറെ വികാരാധീനരായിരുന്നു,” യഷ്വീർ കൂട്ടിച്ചേർത്തു.
കിരീടനേട്ടത്തിന് ശേഷമുള്ള ഇന്ത്യൻ താരങ്ങളുടെ ആഘോഷങ്ങൾ അതിരുകടന്നുവെന്ന് ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ താരങ്ങളെ പിന്തുണച്ചുകൊണ്ട് ബിസിസിഐ രംഗത്തെത്തി. ആവേശകരവും നിർണായകവുമായ മത്സരങ്ങളിൽ താരങ്ങളുടെ വികാരങ്ങൾ നിയന്ത്രണാതീതമാകുന്നത് സ്വാഭാവികമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
“അത് അവരുടെ സ്വഭാവത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതിഫലനമാണ്. ആ മത്സരം എത്രത്തോളം ആവേശകരമായിരുന്നുവെന്ന് ചിന്തിച്ചുനോക്കൂ. ഒരു ഘട്ടത്തിൽ ഇന്ത്യയുടെ വിജയസാധ്യത വളരെ കുറവായിരുന്നു. എന്നാൽ അവിടെനിന്നും പൊരുതിക്കയറി ഇന്ത്യ വിജയം നേടി. ടീമിന്റെ ആത്മവിശ്വാസവും അവസാന നിമിഷം വരെ പോരാടാനുള്ള മനസ്സുമാണ് ഇത് കാണിക്കുന്നത്. ഇത്രയും പ്രതിസന്ധികളെ അതിജീവിച്ച് വിജയിക്കുമ്പോൾ താരങ്ങൾക്ക് അത് ആഘോഷിക്കാനുള്ള അവകാശമുണ്ട്. അതിന് നമ്മൾ അവരെ അനുവദിക്കണം,” അദ്ദേഹം വ്യക്തമാക്കി.




