Celebrity

നടി അംബികയ്ക്കെതിരെ കേസുമായി അനിയത്തി രാധ; ഒപ്പിട്ടു വച്ചിരുന്ന ചെക്കുകൾ കൈവശപ്പെടുത്തി 46 കോടി തട്ടി

നടി രാധാ നായർ സഹോദരിയും നടിയുമായ അംബികയ്ക്കും സഹോദരൻ അർജുനുമെതിരെ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് ആരോപിച്ചു ചെന്നൈ പൊലീസിൽ പരാതി നൽകി. ഒന്നിച്ച് താമസിച്ചിരുന്ന കാലത്ത് സ്വന്തമായി ഒപ്പിട്ടു വെച്ചിരുന്ന അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് ഇരുവരും ചേർന്ന് തുക കൈവശപ്പെടുത്തിയെന്നാണ് രാധയുടെ പ്രധാന ആരോപണം. ചെന്നൈ പൊലീസ് കമ്മീഷണർ ഓഫീസിലെത്തിയാണ് രാധ ഈ പരാതി സമർപ്പിച്ചിരിക്കുന്നത്.

അടുത്തിടെ ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ തുകയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് രാധ വ്യക്തമാക്കുന്നു. ചെക്ക് കേസിന് പുറമേ, ഇവർക്ക് പങ്കാളിത്തമുള്ള സ്റ്റുഡിയോ ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയും സഹോദരങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടാതെ, കുടുംബപരമായി ലഭിച്ച സ്വർണം, വജ്രം തുടങ്ങിയ വിലപിടിപ്പുള്ള ആഭരണങ്ങളുടെ പങ്ക് വെക്കലുമായി ബന്ധപ്പെട്ടും ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് സഹോദരി അംബികയ്ക്കും സഹോദരൻ അർജുനുമെതിരെ രാധ തട്ടിപ്പ് കേസുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ ചെന്നൈ പൊലീസ് നിലവിൽ അന്വേഷണം തുടങ്ങി കഴിഞ്ഞു.