Featured Sports

മെസിയുടെ പാസിൽ റൊണാൾഡോയുടെ ​ഗോാാള്‍….! രണ്ട് രാജാക്കന്മാർ, ഒരു ടീം, വരുമോ സ്വപ്ന മൽസരം !

ഫുട്ബോൾ ലോകം കണ്ട രണ്ട് മഹാരഥന്മാരാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഒരാൾ ഇടതുകാലിന്റെ അതിശയകരമായ മാന്ത്രികത കൊണ്ട് ആരാധകരെ മനോഹരമായി വിസ്മയിപ്പിച്ചപ്പോൾ, മറ്റൊരാൾ തന്റെ അസാധ്യ വേഗതയും കരുത്തും ഫിനിഷിങ് മികവും കൊണ്ട് റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞു. ദീർഘകാലം ലോക ഫുട്ബോളിന്റെ ഏറ്റവും ഉയർന്ന തലത്തിൽ പരസ്പരം ശക്തരായ എതിരാളികളായി ഇരുവരും പോരാടിയപ്പോഴൊക്കെ ആരാധകർക്ക് ലഭിച്ചത് എന്നും ഓർത്തു വെക്കാവുന്ന മികച്ച നിമിഷങ്ങളായിരുന്നു.

മെസ്സിയുടെ മനോഹരമായ ഡ്രിബ്ലിങ്ങും റൊണാൾഡോയുടെ കൃത്യതയാർന്ന ഫിനിഷിങ്ങും, അവരുടെ ഗോളുകളും റെക്കോർഡുകളും ബാലൺ ഡി ഓർ പോരാട്ടങ്ങളുമെല്ലാം ഒരു കാലഘട്ടത്തിന്റെ അടയാളങ്ങളായിരുന്നു. എന്നിരുന്നാലും, ഈ രണ്ട് ഇതിഹാസ താരങ്ങളും ഒരുമിച്ച് ഒരേ ടീമിൽ കളിച്ചിരുന്നെങ്കിൽ ആ കളി എങ്ങനെയുണ്ടാകും എന്നൊരു ചിന്ത വർഷങ്ങളായി ഫുട്ബോൾ ആരാധകരുടെ മനസ്സിലുണ്ടായിരുന്നു.

ഇപ്പോഴിതാ ആ വലിയ സ്വപ്നം യാഥാർഥ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് കായികലോകം. മുൻ അർജന്റീന താരം കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരം ഡിസംബറിൽ ബ്യൂണസ് ഐറിസിലെ ലാ ബൊംബൊനേര സ്റ്റേഡിയത്തിൽ നടക്കാൻ പോകുകയാണ്. ഈ പ്രത്യേക മത്സരത്തിൽ മെസ്സിയെയും റൊണാൾഡോയെയും ഒരേ ടീമിൽ അണിനിരത്താനാണ് ടെവസ് ആഗ്രഹിക്കുന്നത്.

മെസ്സി പന്തുമായി മുന്നേറി നൽകുന്ന വിസ്മയകരമായ പാസ് റൊണാൾഡോ ഗോളാക്കി മാറ്റുന്നതോ, അല്ലെങ്കിൽ റൊണാൾഡോയുടെ പാസിൽ നിന്ന് മെസ്സി പന്ത് വലയിലെത്തിക്കുന്നതോ ആയ ദൃശ്യങ്ങൾ ആരാധകർക്ക് നൽകാകുന്ന ആവേശം ചെറുതല്ല.

ഇതൊരു സൗഹൃദ മത്സരം മാത്രമായിരിക്കില്ല, മറിച്ച് ദശാബ്ദങ്ങളോളം എതിരാളികളായി നിന്ന രണ്ട് ഇതിഹാസങ്ങളെ ഒരേ ജേഴ്സിയിൽ കാണാനുള്ള അപൂർവ്വ അവസരമായിരിക്കും. ടെവസ് തന്റെ ആഗ്രഹം തുറന്നുപറഞ്ഞിട്ടുണ്ടെന്നും ഇരുതാരങ്ങളും സമ്മതിച്ചതായി ചില വാർത്തകളുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഈ കൂട്ടുകെട്ട് മൈതാനത്ത് പൂവണിയുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.