Spotlight

പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കണമെന്ന് ഡിജിപിയോട് ഇ.ഡി; തെളിവുകളും നൽകി, അസാധാരണ നീക്കം!

സിഎംആര്‍എല്‍ മാസപ്പടി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകൾ ടി. വീണ, ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അസാധാരണ നീക്കം. പിഎംഎൽഎ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ട് ഡിജിപിക്കു നൽകിയ ഇ.ഡി, ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. അതിൽനിന്ന് നിർണായക രേഖകൾ ലഭിച്ചതായി സ്ഥിരീകരിച്ച ഏജൻസി, കോടികളുടെ ഹവാല ഇടപാട് നടന്നുവെന്നും ഇതിന്റെ വിവരങ്ങൾ വീണയുടെ കൈയെഴുത്തു കുറിപ്പിൽനിന്ന് കണ്ടെത്തിയെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ഉൾപ്പെടുത്തി കേസ് എടുക്കണമെന്ന ശുപാർശയോടെ ഇ.ഡി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്.