Hollywood

പിറന്നാൾ ആഘോഷം; കടലിൽ നീന്തി സൽമ ഹയക്, പ്രായം വെറും നമ്പർ- ദൃശ്യങ്ങള്‍ വൈറല്‍

അഭിനയമികവും സൗന്ദര്യവും കൊണ്ട് ഹോളിവുഡിനെ കീഴടക്കിയ നടി സൽമ ഹയക് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. എത്ര വർഷങ്ങൾ കഴിഞ്ഞാലും പ്രായം തോന്നിക്കാത്ത ലുക്കിൽ ആരാധകരെ വിസ്മയിപ്പിക്കുന്ന താരം, തന്റെ അറുപതാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. കടലിൽ നീന്തിക്കൊണ്ടുള്ള വേറിട്ട രീതിയിലായിരുന്നു താരത്തിന്റെ ഈ പിറന്നാൾ ആഘോഷം.

1966 സെപ്റ്റംബർ രണ്ടിന് മെക്സിക്കോയിലെ വെറാക്രൂസിലുള്ള കോട്ട്സാകോൾകോസിലാണ് ലെബനീസ് വംശജനായ പിതാവിന്റെയും മെക്സിക്കൻ-സ്പാനിഷ് വംശജയായ മാതാവിന്റെയും മകളായി സൽമ ജനിച്ചത്. സെപ്റ്റംബർ രണ്ടിനായിരുന്നു താരത്തിന്റെ പിറന്നാൾ.

മെക്സിക്കൻ ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സൽമ വൈകാതെ തന്നെ ഹോളിവുഡിലും തന്റേതായ ഇടം കണ്ടെത്തി. അന്റോണിയോ ബന്ദേരാസിനൊപ്പം അഭിനയിച്ച ‘ഡെസ്പെരാഡോ’ എന്ന സൂപ്പർഹിറ്റ് ആക്ഷൻ ചിത്രമാണ് താരത്തെ ഹോളിവുഡിൽ പ്രശസ്തയാക്കിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

പ്രശസ്ത മെക്സിക്കൻ ചിത്രകാരി ഫ്രിഡ കഹ്‌ലോയുടെ ജീവിതം ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ‘ഫ്രിഡ’ എന്ന സിനിമ നിർമ്മിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സൽമയായിരുന്നു. ഈ ചിത്രത്തിലെ മികവുറ്റ പ്രകടനത്തിന് മികച്ച നടിക്കുള്ള ഓസ്കർ നാമനിർദേശവും താരത്തിന് ലഭിക്കുകയുണ്ടായി.

അറുപതാം വയസ്സിലും 30 വയസ്സിൽ താഴെ മാത്രം പ്രായം തോന്നിക്കുന്ന രൂപഭാവമാണ് സൽമയ്ക്കുള്ളതെന്നാണ് ആരാധകരുടെ പക്ഷം. ഫിറ്റ്നസിലും ആരോഗ്യപരിപാലനത്തിലും താരം പുലർത്തുന്ന കണിശത എപ്പോഴും ചർച്ചയാകാറുണ്ട്. സൽമയുടെ പിറന്നാൾ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകളും സ്നേഹവും അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.