Oddly News

സ്മാർട്ട് ഗ്ലാസിന് 50,000 രൂപയോ! മകന്റെ വെളിപ്പെടുത്തലിൽ അമ്മ ഞെട്ടി! ചിരിയുണർത്തും വീഡിയോ!

മെറ്റാ ഗ്ലാസിന്റെ വിലയെച്ചൊല്ലി മകനും അമ്മയും തമ്മിൽ നടന്ന രസകരമായ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഏതാനും ആയിരം രൂപ മാത്രം വിലമതിക്കുമെന്ന് കരുതിയ കണ്ണടയ്ക്ക് അരലക്ഷം രൂപയാണെന്ന് അറിഞ്ഞപ്പോൾ അമ്മ നൽകിയ പ്രതികരണമാണ് വിഡിയോയെ തരംഗമാക്കിയത്. ബികാസ് മീന എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ വിഡിയോ പങ്കുവെച്ചത്.

കണ്ണടയുടെ വില ഊഹിക്കാൻ മകൻ ആവശ്യപ്പെടുമ്പോൾ, “ഏറിയാൽ ഒരു 200 അല്ലെങ്കിൽ 250 രൂപ കാണും” എന്നായിരുന്നു അമ്മയുടെ ആദ്യ മറുപടി. വില കൂട്ടിച്ചുറക്കാൻ മകൻ പറയുമ്പോൾ 1,500, 2,000, 2,500 എന്നിങ്ങനെ ഉയർത്തിപ്പറഞ്ഞ് ഒടുവിൽ 3,000 രൂപയിലെത്തി. “ഇത്രയും വിലകൂടിയത് ഒന്നും വെയ്ക്കേണ്ട, ചെരുപ്പിനു പോലും 250 രൂപയേ ഉള്ളൂ,” എന്ന് അമ്മ തമാശയായി പറയുന്നതും കേൾക്കാം.

യഥാർത്ഥ വില വെളിപ്പെടുത്തുന്നതിന് മുൻപ് “വില കേട്ട് ഹൃദയാഘാതം ഉണ്ടാകില്ലല്ലോ?” എന്ന് മകൻ തമാശയായി ചോദിക്കുന്നുണ്ട്. അതിനുശേഷമാണ് കണ്ണടയ്ക്ക് 50,000 രൂപയാണെന്ന് മകൻ വ്യക്തമാക്കുന്നത്. ഇത് കേട്ടതും ദൈവമേ എന്ന് വിളിച്ച് അത്ഭുതത്തോടെ കണ്ണടയിലേക്ക് നോക്കുന്ന അമ്മയുടെ പ്രതികരണം ഏറെ രസകരമാണ്.

തുടർന്ന് ഈ സംഭാഷണമെല്ലാം കണ്ണടയിലൂടെ റെക്കോർഡ് ചെയ്യപ്പെടുകയാണെന്ന് മകൻ പറയുമ്പോൾ അമ്മ കൂടുതൽ അത്ഭുതപ്പെടുകയും കണ്ണടയിലെ ലൈറ്റ് ശ്രദ്ധിക്കുകയും ചെയ്യുന്നു. ‘ക്യൂട്ട് മമ്മി’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. അമ്മയുടെ നാടൻ പ്രതികരണവും ഭാവങ്ങളുമാണ് വിഡിയോയുടെ പ്രധാന ആകർഷണമെന്ന് നിരവധിയാളുകൾ കുറിച്ചു.