Crime

എക്സ്ക്ലൂസീവ് ചിത്രങ്ങൾക്ക് ‘മല്ലു പ്രീമിയം ഗ്രൂപ്പ്’; എന്‍ട്രി ഫീസ് 250 രൂപ: ‘മോർഫിങ്’ കേസിൽ സാമ്പത്തിക നേട്ടത്തിന്റെ തെളിവുകൾ പുറത്ത്, റാക്കറ്റിന്റെ ചുരുളഴിയുന്നു!

നാടിനെ നടുക്കിയ തൃക്കാക്കര മോർഫിങ് കേസിൽ പ്രമോഷൻ, പ്രീമിയം ഗ്രൂപ്പുകൾ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. കേസിലെ ഒന്നാം പ്രതിയായ തൃക്കാക്കര കോളേജ് വിദ്യാർഥി എസ്. ശ്രീഹരി നിർമിക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ രണ്ടാം പ്രതി സനീഷ് 1500 പേരുള്ള ടെലഗ്രാം ഗ്രൂപ്പാണ് ഉപയോഗിച്ചിരുന്നത്. ഈ ഗ്രൂപ്പ് പ്രമോഷനായി ഉപയോഗിച്ച് ആളുകളെ ആകർഷിച്ച് ‘പ്രീമിയം ഗ്രൂപ്പിൽ’ അംഗങ്ങളാക്കുകയായിരുന്നു ഇവരുടെ രീതി. കൂടുതൽ ‘എക്സ്ക്ലൂസീവ്’ ദൃശ്യങ്ങൾ വാഗ്ദാനം ചെയ്താണ് ആളുകളെ ചേർത്തത്.

‘മല്ലു പ്രീമിയം ഗ്രൂപ്പ്’ എന്ന പേരിൽ ഇതിനായി നിർമിച്ച പ്രത്യേക ടെലഗ്രാം ഗ്രൂപ്പിലേക്ക് പ്രവേശന ഫീസായി 250 രൂപ വീതമാണ് ആളുകളിൽനിന്ന് ഈടാക്കിയിരുന്നത്. സനീഷ് തന്റെ ക്യുആർ കോഡ് വഴി പണം വാങ്ങിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ 12 പേർ പണം നൽകി ഈ ഗ്രൂപ്പിൽ അംഗമായിട്ടുണ്ടെന്നും ഇവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക ലാഭത്തിനായി ഇവർ ഈ ചിത്രങ്ങൾ വിൽക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ മലപ്പുറം സ്വദേശിയായ ഒരു യുവാവ് ഉൾപ്പെടെ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

തൃക്കാക്കര ഭാരതമാതാ കോളജിലെ ബിബിഎ വിദ്യാർഥിയും കിളിമാനൂർ സ്വദേശിയുമായ എസ്. ശ്രീഹരിയാണ് കേസിൽ ആദ്യം അറസ്റ്റിലായത്. അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ പങ്കുവെച്ച ഇയാളെ പ്രിൻസിപ്പലിന്റെ പരാതിയിൽ അറസ്റ്റ് ചെയ്യുകയും കോളജിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ ശ്രീഹരി സാമ്പത്തിക ലാഭത്തിനായി ചിത്രങ്ങൾ കൈമാറിയതായി പൊലീസിന് കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആലപ്പുഴ സ്വദേശിയും മാവേലിക്കര ഐഎച്ച്ആർഡി കോളജ് വിദ്യാർഥിയുമായ സനീഷിലേക്ക് അന്വേഷണം എത്തുന്നത്.

നേരിട്ട് പരിചയമില്ലാത്ത ഇരുവരും തമ്മിൽ ടെലഗ്രാമിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്. ശ്രീഹരി പങ്കുവെച്ച ചിത്രങ്ങൾ സനീഷ് ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു. ടെലഗ്രാമിന്റെ സുരക്ഷാ ഫീച്ചറുകൾ കാരണം പിടിയിലാകില്ലെന്ന ധാരണയിലാണ് ഇവർ കുറ്റകൃത്യം തുടർന്നത്. കോടതിയിൽ ഹാജരാക്കിയ സനീഷിനെ റിമാൻഡ് ചെയ്തു. ശ്രീഹരിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും പൊലീസ് അറിയിച്ചു.