Featured Spotlight

‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്? പാക് മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് ജയ് ശങ്കര്‍– വിഡിയോ

ന്യൂയോർക്ക്: പാക് മാധ്യമപ്രവർത്തകന്റെ പ്രകോപനപരമായ ചോദ്യത്തിന് ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയ് ശങ്കര്‍. ‘പാകിസ്താനിലെ ഭീകരപ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണ ഇന്ത്യ എന്ന് അവസാനിപ്പിക്കും’ എന്നായിരുന്നു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിന് ‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’ എന്ന് ജയ് ശങ്കര്‍ ശക്തമായി തിരിച്ചടിച്ചു. ന്യൂയോർക്കിൽ നടന്ന 81-ാമത് യു.എൻ. പൊതുസഭയോടനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഈ സംഭവം. മറുപടി നൽകിയതിന് പിന്നാലെ മന്ത്രിയും പ്രതിനിധികളും ഇറങ്ങിപ്പോയെങ്കിലും പാക് മാധ്യമപ്രവർത്തകൻ തന്റെ വാദങ്ങൾ തുടരുകയായിരുന്നു.

പാക് പിന്തുണയുള്ള ഭീകരരാണ് വർഷങ്ങളായി ഇന്ത്യയിൽ ആക്രമണങ്ങൾ നടത്തുന്നത് എന്നതാണ് ഇന്ത്യൻ നിലപാട്. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക് കേന്ദ്രീകൃത ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങളിൽ ഇന്ത്യ കനത്ത മിസൈൽ ആക്രമണം നടത്തി. മുസാഫറാബാദ്, കോട്‌ലി, ബഹാവൽപൂർ, റാവലാകോട്ട് തുടങ്ങിയ സ്ഥലങ്ങളിലെ ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്.

ഇതിനുപുറമേ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിലിലും ഇന്ത്യ പാകിസ്താനെതിരെ കടുത്ത വിമർശനമുയർത്തി. മറ്റ് രാജ്യങ്ങളുടെ ഭൂമി പിടിച്ചെടുക്കാനും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കാതെ സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ പാകിസ്താൻ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ ക്ഷിതിജ് ത്യാഗി ആവശ്യപ്പെട്ടു. അവശ്യസാധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുന്ന പാക് അധിനിവേശ കശ്മീരിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂണിൽ പാക് അധിനിവേശ കശ്മീരിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ വിതരണം ഇസ്ലാമാബാദ് തടയുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചിരുന്നു. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് യു.എൻ വേദിയിൽ ഇന്ത്യ പാകിസ്താനെ പ്രതിരോധത്തിലാക്കിയത്.