Spotlight

വീണ്ടും റെയ്ഡ്,, ലക്ഷ്യം റിയാസ്? ഇഡിക്ക് വിവരങ്ങൾ ലഭിച്ചത് വീണയുടെ ഡയറിയിൽനിന്ന് ? സുഹൃത്തുക്കളുടെ വീടുകളിലും റെയ്ഡ്!

കോഴിക്കോട്: ഇടവേളയ്ക്ക് ശേഷം സിഎംആർഎൽ-എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ ടിയെയും ലക്ഷ്യമിട്ട് സ്ഥാപനങ്ങളിലും വീടുകളിലും ഇഡി റെയ്ഡ് തുടരുന്നു. കോഴിക്കോട് നാലിലധികം കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടക്കുന്നത്. ഇതിൽ ഏറ്റവും നിർണായകമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി.നിഖിലിന്റെയും മുൻ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിന്റെയും വീടുകളിൽ നടക്കുന്ന റെയ്ഡുകൾ.

വിവിധ സംഘങ്ങളായി രാവിലെ തന്നെയെത്തിയ ഇഡി ഉദ്യോഗസ്ഥർ ഒരേ സമയത്താണ് റിയാസിന്റെ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളിലെത്തിയത്. കുണ്ടൂപറമ്പിലെ നന്ദുലാലിന്റെ വീട്, സരോവരം റോഡിലെ സ്ഥാപനം, പന്തീരങ്കാവിലെ വാരിഷ് കളത്തിങ്ങലിന്റെ ഉടമസ്ഥതയിലുള്ള ക്യാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്, പി.നിഖിലിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. ടി. വീണയുടെ ഡയറിയിൽ നിന്നാണ് ഇഡിക്ക് നിഖിൽ അടക്കമുള്ളവരുടെ വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന.

മാസപ്പടി കേസിൽ പ്രതിപ്പട്ടികയിലുള്ളവർക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ അവസാനഘട്ട പരിശോധന. എക്‌സാലോജികിന് പുറമെ, ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന പേരിലും വീണയ്ക്ക് കമ്പനിയുണ്ടെന്ന് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. വീണയുടെ വീട്ടിൽ മേയ് 27-ന് നടത്തിയ റെയ്ഡിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചതായും വിവരമുണ്ട്. കേന്ദ്രസേനയുടെ കനത്ത കാവലിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ സിപിഎം നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല.