Featured Sports

ഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് സിക്സറുകൾ, ഋഷഭ് പന്തിന്റെ ലോകറെക്കോർഡ്! സിക്‌സറില്‍ ‘സെഞ്ചുറി’ നേടിയ ആദ്യ ഇന്ത്യൻ താരം! വീഡിയോ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സറുകൾ തികയ്ക്കുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം രണ്ടാമത്തെ സെഷനിൽ ലാഹിരു കുമാരയുടെ പന്ത് സിക്സറിലേക്ക് പറത്തിയാണ് പന്ത് ഈ അപൂർവ്വ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ 80-ൽ താഴെ മത്സരങ്ങളിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം. വെറും 51 മത്സരങ്ങളിൽ നിന്നാണ് പന്ത് 100 സിക്സറുകൾ തികച്ചത്. ഇതോടെ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമായും ലോകത്തിലെ നാലാമത്തെ ബാറ്ററായും പന്ത് മാറി.

ബെൻ സ്റ്റോക്സ് (138), ബ്രണ്ടൻ മക്കല്ലം (107), ആദം ഗിൽക്രിസ്റ്റ് (100) എന്നിവരാണ് പന്തിന് മുൻപ് ഈ നേട്ടം കൈവരിച്ചവർ. ടെസ്റ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് (4918 പന്തുകൾ) 100 സിക്സറുകൾ തികച്ചതിന്റെ റെക്കോർഡും പന്തിന്റെ പേരിലാണ്. 6578 പന്തുകൾ നേരിട്ട് ഈ നേട്ടത്തിലെത്തിയ ആദം ഗിൽക്രിസ്റ്റിനെയാണ് പന്ത് മറികടന്നത്. ഇന്ത്യക്കാരിൽ 91 സിക്സറുകൾ വീതം നേടിയിട്ടുള്ള വിരേന്ദർ സെവാഗും രോഹിത് ശർമ്മയുമാണ് പന്തിന് പിന്നിൽ രണ്ടാമതുള്ളത്.

മത്സരത്തിന് മുൻപ് 97 സിക്സറുകളുണ്ടായിരുന്ന പന്ത്, ഒന്നാം ഇന്നിംഗ്സിൽ ഒരു സിക്സറും രണ്ടാം ഇന്നിംഗ്സിൽ രണ്ട് സിക്സറുകളും പറത്തിയാണ് 100 തികച്ചത്. ലാഹിരു കുമാരയെ ഡീപ്പ് ഫൈൻ ലെഗിന് മുകളിലൂടെ സിക്സറിന് തൂക്കിയാണ് പന്ത് നേട്ടം പൂർത്തിയാക്കിയത്. ഒപ്പം 53 പന്തിൽ നിന്ന് അദ്ദേഹം തന്റെ അർദ്ധ സെഞ്ചുറിയും നേടി. ശ്രീലങ്കൻ പേസർമാരായ അസിത ഫെർണാണ്ടോയും ലാഹിരു കുമാരയും എറിഞ്ഞ ബൗൺസറുകളെ കൃത്യമായ കാത്തിരിപ്പിലൂടെയും ശ്രദ്ധയോടെയുള്ള ഷോട്ട് സെലക്ഷനിലൂടെയും പന്ത് നേരിട്ടു. ഒന്നാം ഇന്നിംഗ്സിൽ തന്നെ പുറത്താക്കിയ ഓഫ് സ്പിന്നർ കേശര നുവാന്തയ്‌ക്കെതിരെ സിക്സറുകൾക്ക് മുതിരാതെ റിവേഴ്സ് സ്വീപ്പുകളിലൂടെ അതിർത്തികൾ കണ്ടത്താനും പന്ത് ശ്രദ്ധിച്ചു.

രണ്ടാം ഇന്നിംഗ്സിൽ ധ്രുവ് ജുറെലിനെ (7) വേഗത്തിൽ നഷ്ടമായ ഇന്ത്യക്ക് പന്തിന്റെ പ്രകടനം നിർണ്ണായകമായി. ചായസത്തിന് പിരിയുമ്പോൾ 4 വിക്കറ്റിന് 116 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് 294 റൺസിന്റെ മൊത്തം ലീഡുണ്ട്. യശസ്വി ജയ്സ്വാൾ തുടക്കത്തിലേ പുറത്തായ ശേഷം കെ. എൽ. രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്നാണ് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്.