Featured Spotlight

‘കുറി വരച്ചു, ഇനി നിസ്കരിച്ചിട്ട് കാര്യമില്ല’; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്‍റിന് മറുപടി നല്‍കി ഹരിശ്രീ യൂസഫ്- വീഡിയോ

ദേശീയ അവാർഡ് സ്വീകരിക്കാൻ ഗുജറാത്തിലെത്തിയ നടൻ മമ്മൂട്ടിയെ നെറ്റിയിൽ കുറി തൊട്ട് സ്വീകരിക്കുന്ന വിഡിയോയ്ക്ക് താഴെ വിദ്വേഷ കമന്റിട്ട വ്യക്തിക്ക് കടുത്ത മറുപടിയുമായി നടൻ ഹരിശ്രീ യൂസഫ്. കുറി തൊട്ടതുകൊണ്ട് ഇനി നിസ്കരിച്ചിട്ട് കാര്യമില്ല എന്ന് തീരുമാനിക്കുന്നത് പടച്ചോനാണെന്നും കുറി തൊട്ടാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കേൾക്കുന്നത് ദൈവമാണെന്നും യൂസഫ് വ്യക്തമാക്കി. അബ്ബാസ് എന്ന അക്കൗണ്ടിൽ നിന്നാണ് മമ്മൂട്ടിക്കെതിരെ ഇത്തരം അപകീർത്തികരമായ കമന്റ് വന്നത്.

മമ്മൂക്കയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിൽ മലയാളികൾ ഒന്നടങ്കം ആഹ്ലാദിക്കുമ്പോഴാണ് ഇത്തരം ഇടുങ്ങിയ ചിന്താഗതിയുള്ള കമന്റുകൾ വരുന്നത് എന്ന് യൂസഫ് ചൂണ്ടിക്കാട്ടി. ഒരു അതിഥിയായി ചെല്ലുമ്പോൾ പൂച്ചെണ്ട് നൽകി കുറി തൊട്ട് സ്വീകരിക്കുന്നത് അവിടെയുള്ളവരുടെ രീതിയാണെന്നും, അവിടെ മതം പറഞ്ഞ് മാറിനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്മാർക്ക് ഇടുങ്ങിയ ചിന്താഗതിയില്ലെന്നും, വിശാലമായി ചിന്തിക്കുന്നവരാണ് അവരെന്നും യൂസഫ് കൂട്ടിച്ചേർത്തു.

മമ്മൂക്കയെപ്പോലെ ലോക മലയാളി സമൂഹം ആദരിക്കുന്ന, രാജ്യത്തിന് ഏറെ നേട്ടങ്ങൾ സമ്മാനിച്ച വ്യക്തിയെ അധിക്ഷേപിക്കുന്നതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സമൂഹത്തിന് അദ്ദേഹം നൽകുന്ന ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും നിരവധി കുട്ടികൾക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ ചെയ്തുകൊടുത്തതിനെക്കുറിച്ചും യൂസഫ് ഓർമ്മിപ്പിച്ചു. നാടിന് ഒരു ഉപകാരവും ചെയ്യാതെ സോഷ്യൽ മീഡിയ കമന്റ് ബോക്സുകളിൽ വന്ന് തെറിവിളിക്കുകയും അതിനായി മതത്തെയും ദൈവത്തെയും കൂട്ടുപിടിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യൻ നന്നാകാൻ വേണ്ടിയാണ് മതമെന്നും അല്ലാതെ തമ്മിൽ തല്ലാനല്ലെന്നും വ്യക്തമാക്കിയ ഹരിശ്രീ യൂസഫ്, ഇത്തരം വിദ്വേഷ ചിന്താഗതികൾ ഉള്ളവർ ഇന്ത്യയിൽ വർഗീയത സൃഷ്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തി. നിന്നെപ്പോലെ ചിന്തിക്കുന്നവർക്ക് യോജിച്ച സ്ഥലം താലിബാനാണെന്നും, ഇന്ത്യ മഹാരാജ്യത്ത് മേലിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് യൂസഫ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.