താൻ അഭിനയിച്ച ഷോർട്ട് ഫിലിമിലെ സ്വകാര്യ രംഗങ്ങൾ ചോർന്നതിനെ തുടർന്ന് നേരിടേണ്ടി വന്ന ഭയാനകമായ അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി രാധിക ആപ്തേ. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു അന്താരാഷ്ട്ര പ്രൊജക്റ്റിലെ രംഗങ്ങളാണ് ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ദൃശ്യങ്ങൾ വിതരണം ചെയ്യപ്പെട്ടതോടെ ദിവസങ്ങളോളം സ്വന്തം വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത മാനസികാവസ്ഥയിലായിപ്പോയെന്ന് രാധിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ആ ക്ലിപ്പ് പ്രചരിച്ച സമയത്ത് താൻ വല്ലാതെ ഭയന്നുപോയെന്നും നാല് ദിവസത്തോളം ഫ്ലാറ്റിന് പുറത്തിറങ്ങിയില്ലെന്നും രാധിക ഓർത്തെടുത്തു. ആ സമയത്ത് ഒറ്റയ്ക്കായിരുന്നു താമസം. വിഡിയോ കണ്ട പ്രകോപിതരായ ആളുകൾ വീടിന് മുന്നിലെത്തുമോ എന്ന പേടിയായിരുന്നു മനസ്സ് നിറയെ. ഇത്തരം സംഭവങ്ങൾ നമ്മുടെ വ്യക്തിജീവിതത്തെയും സുരക്ഷിതത്വത്തെയും വളരെ വേഗത്തിലാണ് ബാധിക്കുന്നത്. കാണുന്ന ആളുകൾക്ക് അനിഷ്ടം തോന്നിയാൽ അവർ വീടിന്റെ ഡോർബെൽ അടിക്കാൻ പോലും മടിക്കില്ലെന്ന് രാധിക പറഞ്ഞു.
തന്റെ സ്റ്റൈലിസ്റ്റിന്റെ ഡ്രൈവർ ആ വിഡിയോ വീണ്ടും വീണ്ടും കാണുകയും അവരോട് ‘നിങ്ങൾ അവളുടെ വീട്ടിലേക്കാണോ പോകുന്നത്’ എന്ന് ചോദിക്കുകയും ചെയ്ത സംഭവം നടന്നു. സ്വന്തം ഫ്ലാറ്റിലെ വാച്ച്മാൻ പോലും ആ ദൃശ്യങ്ങൾ കണ്ടിട്ടുണ്ടായിരുന്നു. ആളുകൾ തങ്ങളെ ആ വിഡിയോയുടെ മാത്രം കണ്ണിലൂടെ വിലയിരുത്തുമോ എന്ന ഭയം വലിയ രീതിയിൽ അസ്വസ്ഥയാക്കിയിരുന്നു.
തുടർന്ന് തന്റെ ഡ്രൈവറെയും സ്പോട്ട് ദാദയെയും വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു. ഇങ്ങനെ ഒരു വിഡിയോ ചോർന്നിട്ടുണ്ടെന്നും, അത് കണ്ട് ബുദ്ധിമുട്ടില്ലെങ്കിൽ, തനിക്ക് സംരക്ഷണം നൽകാൻ തയ്യാറാണെങ്കിൽ മാത്രം കൂടെ ജോലി ചെയ്താൽ മതിയെന്നും അവരോട് പറഞ്ഞു. വേണമെങ്കിൽ അപ്പോഴത്തെ ശമ്പളവും വാങ്ങി മടങ്ങാമെന്നും അറിയിച്ചു. എന്നാൽ അവർ രണ്ടുപേരും തനിക്കൊപ്പം ഉറച്ചുനിൽക്കുകയും കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
ഒരു സിനിമയ്ക്കായി അഭിനേതാക്കൾ പരസ്പര സമ്മതത്തോടെ ചെയ്യുന്ന രംഗങ്ങളും, അത് അവരുടെ അനുമതിയില്ലാതെ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് രാധിക പറഞ്ഞു. ഒരു പ്രൊഫഷണൽ സെറ്റിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ നിയന്ത്രണമില്ലാതെ ചോരുമ്പോൾ, അത് ഒരു വ്യക്തിയുടെ സ്വകാര്യതയെയും വീടിന്റെ സുരക്ഷയെയും എങ്ങനെ ബാധിക്കുമെന്നതിന്റെ വലിയ ഉദാഹരണമാണ് തനിക്കുണ്ടായ അനുഭവം എന്നും രാധിക കൂട്ടിച്ചേർത്തു.




