Crime

നെഞ്ചില്‍‌ അമ്മയെന്ന് ടാറ്റൂ; ഒരേദിവസം പെണ്‍കുട്ടിയേയും കൂട്ടുകാരിയേയും പീഡിപ്പിച്ചു; കുടുക്കിയത് പ്രണയം നടിച്ച്

പ്രണയം നടിച്ച് രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരുവനന്തപുരം പോത്തൻകോട് പൊലീസ് കണ്ണൂരിൽ നിന്ന് പിടികൂടി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കെ.വി. അനുരാജ് (23) രഹസ്യ നീക്കത്തിലൂടെയാണ് പൊലീസിന്റെ വലയിലായത്. ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരികളായ പെൺകുട്ടികളെ ഒരേ ദിവസം തന്നെയാണ് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതിലൊരാളുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പ്രതിയുടെ നെഞ്ചിൽ ജനനവർഷവും ‘അമ്മ’ എന്ന വാക്കും ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇൻസ്റ്റഗ്രാം വഴിയാണ് 14-കാരിയായ പെൺകുട്ടിയെയുമായും പിന്നീട് കൂട്ടുകാരിയുമായും അനുരാജ് സൗഹൃദം സ്ഥാപിക്കുന്നത്. വെറും 20 ദിവസത്തെ പരിചയത്തിന് ശേഷം, ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരെയും നേരിൽ കാണാൻ പ്രതി കണ്ണൂരിൽ നിന്ന് പോത്തൻകോട്ടേക്ക് എത്തുകയായിരുന്നു.

ഇരുവരുമായും തനിക്ക് ബന്ധമുണ്ടെന്ന കാര്യം പെൺകുട്ടികളിൽ നിന്ന് പ്രതി മറച്ചുവെച്ചിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം ആദ്യത്തെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കൂട്ടുകാരിയെയും അവിടെ വിളിച്ചുവരുത്തി. രണ്ടുപേരെയും ലൈംഗികമായി പീഡിപ്പിച്ച ശേഷം രാത്രി 12 മണിയോടെ വീട്ടുകാർ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയാണ് ഇയാൾ അവിടെനിന്ന് കടന്നുകളഞ്ഞത്.

ഇതിനുപിന്നാലെ പെൺകുട്ടികളെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്ത പ്രതി, നാട്ടിലെത്തിയ ശേഷം ഇവരുടെ ക്ലാസിലെ തന്നെ മറ്റൊരു പെൺകുട്ടിയെക്കൂടി പ്രണയം നടിച്ച് വലയിലാക്കാൻ ശ്രമിച്ചു. ഇതോടെയാണ് പെൺകുട്ടികൾ നടന്ന കാര്യങ്ങൾ വീട്ടുകാരോട് വെളിപ്പെടുത്തിയത്. വീട്ടുകാരുടെ പരാതിയിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്ത പോത്തൻകോട് പൊലീസ് കണ്ണൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിക്കെതിരെ തളിപ്പറമ്പ് സ്റ്റേഷനിൽ മുൻപും രണ്ട് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ അനുരാജിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.