പറവൂർ: പ്രണയത്തിൽനിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എൻ.എ.ഡി. കവല പുറത്തുപാറ വീട്ടിൽ ശശികുമാർ-സാബിത ദമ്പതികളുടെ മകൾ പി.എസ്. സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി വീട്ടിൽ ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തിലുള്ള ഷിബിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം.
അഞ്ചു വർഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും നാലു മാസം മുൻപ് സുരമ്യ ഈ ബന്ധത്തിൽനിന്നു പിന്മാറിയിരുന്നു. പ്രശ്നങ്ങൾ സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് ഷിബിൻ വിളിച്ചതിനെത്തുടർന്നാണ് സുരമ്യ പറവൂരിലേക്ക് വന്നത്. സി.എ. പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ സ്ഥാപനത്തിൽ പരിശീലനത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് സുരമ്യ വീട്ടിൽനിന്നിറങ്ങിയത്.
പറവൂരിലെത്തിയ സുരമ്യയെ ഷിബിൻ തന്റെ ബൈക്കിൽ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഷിബിൻ കത്തി ഉപയോഗിച്ച് സുരമ്യയെ കുത്തുകയുമായിരുന്നു. ഈ സമയം ഷിബിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. ആക്രമണത്തിന് ശേഷം ഷിബിൻ ബൈക്കിൽ വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കഴുത്തിനും നെഞ്ചിനും ഗുരുതരമായി കുത്തേറ്റ സുരമ്യയെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പിടിവലിക്കിടെ ഷിബിന്റെ കൈകൾക്കും മുറിവേറ്റിട്ടുണ്ട്. സുരമ്യയുടെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എടത്തല പഞ്ചായത്ത് ഏഴാം വാർഡിൽ ട്വന്റിട്വന്റി സ്ഥാനാർഥിയായി സുരമ്യ മത്സരിച്ചിട്ടുണ്ടായിരുന്നു. സൂരജ് ആണ് സഹോദരൻ.




