Crime

‘നാണക്കേട് ഒഴിവാക്കാൻ മകളെ തീർക്ക്!’ കാമുകന് പിതാവിന്റെ ക്വട്ടേഷൻ; അഴുകിയ മൃതദേഹം കാറിന്റെ ഡിക്കിയിൽ

കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നാരോപിച്ച് തെലങ്കാനയിലെ ഗോദാവരിഖാനിയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദേശം നൽകി പിതാവ്. പിതാവിന്‍റെ ആജ്ഞപ്രകാരം 33കാരിയായ അൻകതി മാനസയെ കാമുകൻ വിനോദ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതോടെ നടത്തിയ പരിശോധനയിലാണ് കാറിന്‍റെ ഡിക്കിയിൽനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വാറങ്കലിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിനോദിനെയും യുവതിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മാനസയും ബാല്യകാല സുഹൃത്തായ വിനോദും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഓഗസ്റ്റ് 17ന് വിനോദിനെ കണ്ട മാനസ ഉടൻ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായി. വിവാഹത്തിന് വിസമ്മതിച്ച വിനോദ്, തർക്കത്തിന് പിന്നാലെ മാനസയുടെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. മകളുടെ പെരുമാറ്റത്തിൽ നേരത്തെ തന്നെ അമർഷത്തിലായിരുന്ന പിതാവ്, ഇതോടെ കൂടുതൽ പ്രകോപിതനാവുകയും മാനസയെ വധിക്കാൻ വിനോദിനോട് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പിതാവിന്റെ നിർദേശപ്രകാരം മാനസയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ വിനോദ്, തുടർന്ന് മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. മാനസയ്ക്ക് അപസ്മാരം വന്ന് വീട്ടിലെ മുറിയിൽവെച്ച് മരിച്ചതാണെന്നും ഭയം കാരണം മൃതദേഹം കാറിലേക്ക് മാറ്റുകയായിരുന്നെന്നുമാണ് വിനോദ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന് പിന്നിലെ പിതാവിന്റെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.