ലക്നൗ ∙ വിൽപനയ്ക്കു വച്ചിട്ടുള്ള ഭക്ഷണസാധനങ്ങളിൽ വ്യാപകമായി മായം ചേർക്കുന്നു എന്ന പരാതിയെ തുടർന്ന് രാജ്യത്തുടനീളം പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ, ഉത്തർപ്രദേശിലെ ഹാമിർപുരിലുള്ള മധുരപലഹാരക്കടയിൽ നടന്ന റെയ്ഡിനിടെ സ്വന്തം കടയിലെ പലഹാരം കഴിക്കാൻ ഉടമ വിസമ്മതിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. വ്യാജവും മായം ചേർത്തതുമായ മധുരപലഹാരങ്ങൾ വിൽക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ പരിശോധനയ്ക്ക് എത്തിയത്.
സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെ (എസ്ഡിഎം) നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് കടയിൽ മിന്നൽ പരിശോധന നടത്തിയത്. റെയ്ഡിനിടെ കടയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അവിടെയുണ്ടാക്കിയ ഒരു മധുരപലഹാരമെടുത്ത് കടയുടമയോട് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത് കഴിക്കാൻ തയ്യാറാകാതെ വ്യാപാരി കൈകൂപ്പി നിൽക്കുകയാണുണ്ടായത്. തുടർന്ന് ഉദ്യോഗസ്ഥർ പലഹാരങ്ങളുടെ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും ബാക്കിയുള്ളവ വിൽപന നടത്താതെ നശിപ്പിച്ചു കളയാൻ നിർദേശിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ കടയിൽ വിൽക്കുന്ന സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്.
പരിശോധനയ്ക്കിടെ വിൽപനയ്ക്ക് വെച്ചിരുന്ന മധുരപലഹാരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത് കാണാം. ഇതിനിടയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ മേശപ്പുറത്തിരുന്ന മധുരപലഹാരങ്ങളിലൊന്ന് എടുത്ത് കടയുടമയോട് കഴിക്കാൻ ആവശ്യപ്പെട്ടത്.
എന്നാൽ കടയുടമ അത് കഴിക്കാൻ തയ്യാറായില്ല. മധുരപലഹാരം വാങ്ങുന്നതിന് പകരം ഇയാൾ കൈകൂപ്പി അത് കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. സ്വന്തം കടയിൽ വിൽപനയ്ക്ക് വെച്ചിരുന്ന അതേ പലഹാരം കഴിക്കാൻ ഉടമ മടിച്ചതോടെ ഉദ്യോഗസ്ഥർക്കും സ്ഥലത്തുണ്ടായിരുന്നവർക്കും സംശയം ഇരട്ടിച്ചു.
കടയിൽ ഗുണനിലവാരമില്ലാത്തതും മായം ചേർത്തതുമായ മധുരപലഹാരങ്ങളാണ് വിൽക്കുന്നതെന്ന ആരോപണം ശക്തമായതോടെ, ഉദ്യോഗസ്ഥർ കടയിലുണ്ടായിരുന്ന സാധനങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു.
തുടർന്ന്, ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക മുൻനിർത്തി ഈ മധുരപലഹാരങ്ങൾ നശിപ്പിച്ചു കളയാൻ എസ്.ഡി.എം ഉത്തരവിട്ടു.
വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടുപോലും സ്വന്തം കടയിലെ പലഹാരം കഴിക്കാൻ മടിച്ച കടയുടമയുടെ നിലപാടിനെ പരിഹസിച്ചാണ് ഭൂരിഭാഗം പേരും രംഗത്തെത്തിയിരിക്കുന്നത്.




