വീട്ടുകാരുടെ താല്പര്യമനുസരിച്ച് വിവാഹാലോചനയുടെ ഭാഗമായി ഭാവിവരനെ കാണാൻ പോയ ബംഗളൂരു സ്വദേശിയായ യുവതി, തന്റെ ശമ്പളത്തേക്കാൾ ഇരട്ടിയിലേറെ വരുമാനമുള്ള യുവാവിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചത് സോഷ്യൽ മീഡിയയിൽ വൻ ചർച്ച . നന്ദിനി എം എന്ന യുവതിയാണ് അവരുടെ ജോലി ഉപേക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഉയർന്ന ശമ്പളമുള്ള യുവാവിനെ വേണ്ടെന്നുവെച്ചത്. വിവാഹത്തെക്കുറിച്ച് വലിയ താത്പര്യമില്ലാതിരുന്നിട്ടും അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇവർ യുവാവിനെ കാണാൻ സമ്മതിച്ചത്.
ഐടി മേഖലയിൽ ജോലി ചെയ്യുന്ന നന്ദിനിക്ക് മാസം 90,000 രൂപയാണ് ശമ്പളം. രണ്ടു ലക്ഷം രൂപ പ്രതിമാസ വരുമാനമുള്ള യുവാവാണ് ഇവരെ തേടിയെത്തിയത്. സംഭാഷണത്തിനിടെ, കുടുംബച്ചെലവുകളുടെ പകുതി വഹിക്കാമോ എന്നും അല്ലെങ്കിൽ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കാമോ എന്നു യുവാവ് ചോദിച്ചു. ഇതിന് രണ്ടിനും നന്ദിനി വിസമ്മതിച്ചു. “സ്ത്രീകൾക്ക് എന്തിനാണ് സാമ്പത്തിക സ്വാതന്ത്ര്യം?” എന്ന് യുവാവ് ചോദിച്ചതോടെ, ജോലി ചെയ്യാൻ താല്പര്യമുള്ള ഒരു സ്ത്രീയെ ഭര്ത്താവിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആളാക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത്, ഒരു ഹോംമേക്കറെ വിവാഹം കഴിക്കുന്നതല്ലേ എന്ന് നന്ദിനി തിരിച്ചു ചോദിച്ചു.
തുടർന്ന് യുവാവിന്റെ വിവാഹാഭ്യർത്ഥന നന്ദിനി നിരസിക്കുകയും, തനിക്ക് കഴിച്ച ഭക്ഷണത്തിന്റെ പകുതി പണം നൽകിയ ശേഷം അവിടെനിന്ന് ഇറങ്ങിപ്പോരുകയും ചെയ്തു. മകളുടെ ഈ തീരുമാനത്തിൽ ദേഷ്യപ്പെട്ട് അമ്മ രണ്ടാഴ്ചയോളം സംസാരിച്ചിരുന്നില്ലെങ്കിലും പിന്നീട് ഇരുവരും ഒത്തുതീർപ്പിലെത്തി. നിലപാടുകളിൽ ഉറച്ചുനിന്ന നന്ദിനിയെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. സ്വന്തം സ്വപ്നങ്ങളും സ്വാതന്ത്ര്യവും പണത്തിന് വേണ്ടി പണയം വെക്കാതിരുന്ന നന്ദിനിയുടെ തീരുമാനം തികച്ചും ശരിയാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.




