Crime

‘എന്റെ കൺമുന്നിലിട്ട് അവര്‍ അവനെ കൊലപ്പെടുത്തി, CCTV ഭാര്യ ഓഫ് ചെയ്തുകൊടുത്തു’; മകന്റെ അവസാന നിമിഷങ്ങൾ വിവരിച്ച് അമ്മ

ന്യൂഡൽഹി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ വീട്ടുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുപ്പത്തൊന്നുകാരന്‍ സോഫ്റ്റ്‌വെയർ എൻജിനീയറുടെ അമ്മ, ആ ദാരുണസംഭവത്തിന്റെ ഞെട്ടലിലാണ്. തങ്ങളുടെ വീട്ടിലേക്ക് മകന്റെ ഭാര്യവീട്ടകാര്‍ വന്നത് സൗഹൃദസന്ദര്‍ശനത്തിനായിരുന്നുവെന്നാണ് ഇവര്‍ ആദ്യം കരുതിയത്. നോയിഡയിലെ അഡോബി കമ്പനിയിൽ ജീവനക്കാരനായിരുന്ന വിനയ് ഗുപ്ത, പശ്ചിമ ഡൽഹിയിലെ നിഹാൽ വിഹാറിലുള്ള വീട്ടിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്.

വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നെന്നും, വന്നവർ നേരെ മുകളിലത്തെ നിലയിലേക്ക് കയറി വരികയായിരുന്നെന്ന് ആ അമ്മ പറഞ്ഞു. ബന്ധുക്കളായതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്നും അവർക്ക് കുടിക്കാൻ വെള്ളം നൽകാനും ഭർത്താവ് പറഞ്ഞതായി അമ്മ ഓർത്തെടുത്തു. എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

അവർക്ക് വെള്ളം നൽകാൻ ചെന്നപ്പോൾ മകനെ അവർ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. അവനെ കിടക്കയിലേക്ക് തള്ളിയിട്ട് കഴുത്തിന് ഞെക്കിപ്പിടിക്കുകയും വയറ്റിൽ ആഞ്ഞു ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞു. തടയാൻ ശ്രമിച്ച തങ്ങളെയും ഭർത്താവിനെയും അവർ തള്ളിയിട്ടു. തുടർന്ന് അയൽക്കാരെ വിളിച്ചുകൂട്ടിയെങ്കിലും അതിനോടകം മകന്റെ ജീവൻ അപായപ്പെടുത്തിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അവൻ മരിച്ചത്. ക്യാൻസർ രോഗിയായ ഭർത്താവിനും തനിക്കും ആകെയുണ്ടായിരുന്ന മകനായിരുന്നു അവനെന്നും അമ്മ കണ്ണീരോടെ പറഞ്ഞു.

വിനയും ഭാര്യ രേഖ ഗുപ്തയും തമ്മിലുണ്ടായ ചെറിയൊരു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രേഖയുടെ സഹോദരങ്ങൾ, മാതാപിതാക്കൾ, നാത്തൂൻ, അമ്മാവൻ എന്നിവരടങ്ങുന്ന സംഘത്തെ ആക്രമണം നടത്താനായി അവൾ തന്നെയാണ് വിളിച്ചുവരുത്തിയതെന്ന് വിനയിന്റെ കുടുംബം ആരോപിക്കുന്നു. കൃത്യം നടത്തുന്നതിന് തൊട്ടുമുമ്പ് വീടുകളിലെ സിസിടിവി ക്യാമറകൾ ഭാര്യ ഓഫ് ചെയ്തിരുന്നതായും, അവൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും മക നഷ്ടപ്പെട്ട അമ്മ ആവശ്യപ്പെട്ടു.

തന്നെയും ഭർത്താവിനെയും സാക്ഷി നിർത്തി അഞ്ച് മിനിറ്റിനുള്ളിലാണ് അവർ മകനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ നടന്ന വഴക്കിന് ശേഷം വീട്ടിൽ നിന്നിറങ്ങിപ്പോയ ഭാര്യ, വളരെ പെട്ടെന്നാണ് ആക്രമികളുമായി തിരിച്ചെത്തിയതെന്ന് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന വിനയിന്റെ സഹോദരിയും പറഞ്ഞു. അര മണിക്കൂർ ദൂരത്തിൽ താമസിക്കുന്ന ഇവർക്ക് എങ്ങനെയാണ് 10 മിനിറ്റിനുള്ളിൽ ഇവിടെയെത്താൻ കഴിഞ്ഞതെന്ന് ചോദിച്ച സഹോദരി, ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് ആരോപിച്ചു.

ചെറിയ കാര്യങ്ങൾക്ക് പോലും ഭാര്യ വിനയിയോട് സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നെന്നും കുടുംബത്തെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും സഹോദരി വെളിപ്പെടുത്തി. മൂന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഏതാനും മാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളും ഭാര്യയും വിനയിനുണ്ട്. കേസിൽ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള അഞ്ചാമനായി തിരച്ചിൽ ഊർജിതമാക്കി. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.