ന്യൂഡൽഹി: നാല് പതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഒടുവിൽ പിടികൂടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലക്കാരനായ അറുപത്തഞ്ചുകാരൻ നത്തു എന്ന നത്തുലാലാണ് വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായത്. 1984-ൽ ഡൽഹി ജനക്പുരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലാണ് ഇയാൾ പ്രതിയായിരുന്നത്.
1984 മേയ് 22-നും 23-നും മധ്യേയുള്ള രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശ്ചിമ ഡൽഹിയിലെ വികാസ്പുരി ഡിസ്ട്രിക്റ്റ് പാർക്കിൽ ഉത്തർപ്രദേശ് സീതാപൂർ സ്വദേശിയായ അശോക് കുമാറിന്റെ മൃതദേഹം നിരവധി കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ സീതാപൂർ സ്വദേശിയായ ഭഭൂതി പ്രസാദ് എന്നയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമാകുകയും ഇയാളെ ഉടൻതന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. എന്നാൽ കൂട്ടാളിയായ നത്തു സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രതിയെക്കുറിച്ച് ലഭ്യമായ പഴയ വിവരങ്ങളും കുടുംബ പശ്ചാത്തലവും അടിസ്ഥാനമാക്കി സീതാപൂർ, ഹർദോയ് ജില്ലകൾ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാസങ്ങളോളം രഹസ്യ അന്വേഷണം നടത്തി. തുടർന്ന് ഇയാൾ ജീവിച്ചിരിപ്പുണ്ടെന്നും ഇടയ്ക്കിടെ സ്വന്തം ഗ്രാമത്തിൽ വരാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. 2026 ഓഗസ്റ്റ് 17-ന് നത്തു ഗ്രാമത്തിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് അടുത്ത ദിവസം, ഓഗസ്റ്റ് 18-ന് ഫറൂഖാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെ ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അശോക് കുമാർ തന്റെ ഭാര്യയോട് മോശമായി പെരുമാറിയതിനെത്തുടർന്ന് ഭഭൂതി പ്രസാദിന് ഇയാളോട് കടുത്ത വിരോധമുണ്ടായിരുന്നു. തുടർന്ന് സുഹൃത്തായ നത്തുവിനൊപ്പം മദ്യപിച്ച ശേഷമാണ് ഭഭൂതി പ്രസാദ് അശോക് കുമാറിനെ വധിക്കാൻ പദ്ധതിയിട്ടത്.
കൊലപാതകത്തിന് ശേഷം വ്യാജ പേരിൽ ഉത്തർപ്രദേശിലെ വിവിധ പച്ചക്കറി മാർക്കറ്റുകളിൽ ജോലി ചെയ്തുവരികയായിരുന്നു നത്തു. വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിച്ചതിനാൽ ഇത്രയും കാലം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയാൻ ഇയാൾക്ക് സാധിച്ചു. ഇയാൾക്കെതിരെ 2005-ൽ ഫറൂഖാബാദ് കൊത്വാലി സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകലിന് മറ്റൊരു കേസ് നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 1984-ലെ കൊലപാതകവുമായി ബന്ധപ്പെട്ട് നത്തുവിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.




