Crime

വിവാഹ നിശ്ചയം കഴിഞ്ഞ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ; കണ്ടെത്തിയത് ശുചിമുറിയിൽ അഴുകിയ നിലയിൽ

വാരാണസി ∙ ഉത്തർപ്രദേശിലെ വാരാണസിയിൽ മൂന്ന് ദിവസമായി കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടകവീട്ടിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 18-ന് കോളജിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഫോൺ ലൊക്കേഷൻ കോളജിന് സമീപത്താണ് കാണിച്ചതെങ്കിലും ആദ്യഘട്ട പരിശോധനയിൽ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.

അതേസമയം, പെൺകുട്ടിയെ കാണാതായ അന്നുമുതൽ തന്നെ വിവേക് ചൗബ എന്ന യുവാവിനെയും കാണാനില്ലായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ വിവേക് താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ തെരച്ചിലിലാണ് ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ മകളുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെ പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ഈ ബന്ധത്തിൽനിന്ന് പിന്മാറാൻ വിവേക് കടുത്ത സമ്മർദം ചെലുത്തിയിരുന്നു. മകളെ തട്ടിക്കൊണ്ടുപോയി വധിച്ചതാണെന്നും, നേരത്തെ ഫോണിലൂടെ വിവേക് വധഭീഷണി മുഴക്കിയിരുന്നതായും പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചു. ഒളിവിൽ പോയ വിവേകിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.