ഓഗസ്റ്റ് 17-ന് വൈകുന്നേരം ഷാരൂഖ് ഖാന്റെ മുംബൈയിലെ വീടായ ‘മന്നത്തി’ന്റെ പൂന്തോട്ടത്തിലുള്ള ഷെഡിന് അടിയിൽ രണ്ട് പാമ്പുകളെ കണ്ടെത്തി. തുടർന്ന് പാമ്പ് പിടുത്തക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവിടെ തിരച്ചിൽ നടത്തി. ബാന്ദ്ര വെസ്റ്റിലുള്ള ബംഗ്ലാവിൽ രാത്രി എട്ട് മണിയോടെയാണ് പാമ്പുകളെ കണ്ടത്. ഇതിനെത്തുടർന്ന് പാമ്പ് പിടുത്തക്കാരനായ വിക്കി ദുബെയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് വിക്കി ദുബെ വനംവകുപ്പ് റൗണ്ട് ഓഫീസർ ദീപക് ദാദാ ഗെയ്ക്വാദിനെയും ഠാണെയിലെ മുംബൈ റേഞ്ച് ഓഫീസ് കൺട്രോളറെയും കാര്യങ്ങൾ ധരിപ്പിച്ചു. പൂന്തോട്ടത്തിലുണ്ടായിരുന്ന പാമ്പുകളിൽ എട്ടടിയോളം നീളമുള്ള ഒന്നിനെ ദുബെ സുരക്ഷിതമായി പിടികൂടി. മനുഷ്യർക്ക് യാതൊരുവിധ ഉപദ്രവവുമില്ലാത്ത വിഷമില്ലാത്ത ഇനത്തിൽപ്പെട്ട ചേര (ഇന്ത്യൻ റാറ്റ് സ്നേക്) ആയിരുന്നു ഇത്.
എന്നാൽ അവിടെ ആളുകൾ തടിച്ചുകൂടിയതിനിടെ രണ്ടാമത്തെ പാമ്പ് രക്ഷപ്പെട്ടു. ഇതോടെ മന്നത്തിലെ സുരക്ഷാ ജീവനക്കാരിലും മറ്റ് തൊഴിലാളികളിലും ആശങ്ക ഉയരുകയും, വൈകിട്ട് വൈകുന്നതുവരെ പരിസരത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ പാമ്പിനെ കണ്ടെത്താനായില്ല. പിടികൂടിയ ചേര തികച്ചും ഉപദ്രവകാരിയല്ലെന്നും ആരും പേടിക്കേണ്ടതില്ലെന്നും ദുബെ അവിടെയുണ്ടായിരുന്നവർക്ക് ഉറപ്പുനൽകി. വനംവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച്, പിടികൂടിയ പാമ്പിനെ പിന്നീട് അതിന്റെ സ്വാഭാവിക വനമേഖലയിലേക്ക് സുരക്ഷിതമായി തുറന്നുവിട്ടു.




