ഡൽഹി സർ ഗംഗാറാം ആശുപത്രിയിൽ 275 കിലോ തൂക്കമുള്ള പതിനാറുകാരനിൽ നടത്തിയ സങ്കീർണ്ണമായ ബരിയാട്രിക് ശസ്ത്രക്രിയ വിജയം കണ്ടു. കടുത്ത ശ്വാസതടസ്സം, ഒബ്സ്ട്രക്ടീവ് സ്ലീപ്പ് ആപ്നിയ എന്നിവയാൽ ബുദ്ധിമുട്ടിയ കൗമാരക്കാരനെ ലാപറോസ്കോപ്പിക് സ്ലീവ് ഗാസ്ട്രെക്ടമി ശസ്ത്രക്രിയയ്ക്കാണ് വിധേയനാക്കിയത്.
ശരീരഭാരം കൂടുതലായതിനാൽ സാധാരണ കാറിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് മാറ്റഡോർ വാനിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ശ്വാസംമുട്ടലും അനുബന്ധ പ്രശ്നങ്ങളും കുറയ്ക്കുന്നതിനായി ശസ്ത്രക്രിയയ്ക്ക് മുൻപ് രണ്ടാഴ്ചയോളം കുട്ടിയെ പീഡിയാട്രിക് ഐ.സി.യുവിൽ (PICU) പ്രവേശിപ്പിച്ചിരുന്നു. ബോഡി മാസ് ഇൻഡക്സ് (BMI) 100-നോട് അടുത്തെത്തിയതിനാൽ, ഡോ. ദക്ഷ് സേഥി, ഡോ. സുധീർ കൽഹാൻ, ഡോ. മുകുന്ദ് ഖേതൻ, ഡോ. സുവിരാജ് ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കുടുംബവുമായി ചർച്ച ചെയ്ത ശേഷമാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.
തുടർന്ന് സർ ഗംഗാറാം ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ, ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഇരുപതോളം ഡോക്ടർമാരുടെ പരിചരണത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വേഗത്തിൽ സുഖം പ്രാപിച്ച കുട്ടി മൂന്നാം ദിവസം തന്നെ ആശുപത്രി വിട്ടു.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ കുട്ടിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ട്. ഭാരം 275 കിലോയിൽ നിന്ന് 223 കിലോയായി കുറഞ്ഞു. ഭാരം കുറയ്ക്കുക എന്നത് മാത്രമല്ല, കുട്ടിയുടെ ശ്വാസതടസ്സം മാറ്റിയെടുക്കാനും, ജീവിതനിലവാരം മെച്ചപ്പെടുത്തി സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ് ഈ ചികിത്സയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തുടർചികിത്സയുടെ ഭാഗമായി കുട്ടിയുടെ ഭാരവും ആരോഗ്യസ്ഥിതിയും വിദഗ്ധ സംഘം തുടർന്നും നിരീക്ഷിച്ചു വരികയാണ്.




