ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ കുടുംബവഴക്കിനെത്തുടർന്ന് പതിനാറുകാരൻ സ്വന്തം സഹോദരനെയും ഭാര്യയെയും അവരുടെ മൂന്ന് വയസ്സുകാരനായ മകനെയും വെട്ടിക്കൊലപ്പെടുത്തി. ഇവർ മൂവരും ഉറങ്ങുകയായിരുന്ന മുറിയിൽ അതിക്രമിച്ചുകയറി മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവസമയത്ത് ഈ ദമ്പതികളുടെ മൂത്ത മകൻ തൊട്ടടുത്തുതന്നെ കിടക്കുന്നുണ്ടായിരുന്നെങ്കിലും അവനെ പ്രതി ഉപദ്രവിച്ചില്ല.
പുലർച്ചെ മുറിയിൽ നിന്നും നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ പ്രതിയുടെ പിതാവാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൂന്നുപേരെയും ആദ്യം കണ്ടത്. തുടർന്ന് കൈയിൽ രക്തം പുരണ്ട ആയുധവുമായി മുറിയിൽ നിന്നും പുറത്തേക്ക് വരുന്ന പ്രതിയായ മകനെയും ഇദ്ദേഹം കണ്ടു.
പിതാവ് ഉടൻതന്നെ വിവരമറിയിച്ചതിനെ തുടർന്ന് അയൽക്കാരും പോലീസും സ്ഥലത്തെത്തുകയായിരുന്നു.
കുടുംബത്തിലെ തർക്കങ്ങളാണ് ദാരുണമായ ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഒൻപതാം ക്ലാസിൽ പഠനം നിർത്തിയ പ്രതിക്ക് മറ്റ് ജോലികളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കട തനിക്ക് വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നെങ്കിലും പിതാവ് അത് സമ്മതിച്ചിരുന്നില്ല. ഇതിന്റെ പേരിലുള്ള കടുത്ത വൈരാഗ്യമാണ് സഹോദരനോട് പ്രതിക്കുണ്ടായിരുന്നത്.
കുടുംബസ്വത്തുക്കളിൽ ഭൂരിഭാഗവും സഹോദരന് നൽകുമെന്ന ഭയമാണ് കൊലപാതകം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ക്രൂരമായ ഈ കൊലപാതകത്തിന് ശേഷം വീടിന്റെ ഒന്നാം നിലയിലെ മുറിയിൽത്തന്നെ ഇരിക്കുകയായിരുന്ന പ്രതിയെ പോലീസ് അവിടെനിന്നുമാണ് കസ്റ്റഡിയിലെടുത്തത്.




