ഹരിയാനയിൽ കാൻസർ ബാധിതനായ മുപ്പതുകാരനെ പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തു. ലാഡ്‌വ പോലീസ് സ്റ്റേഷനിലാണ് മനുഷ്യത്വരഹിതമായ ഈ സംഭവം നടന്നത്. പരാതിയെ തുടർന്ന് രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരെയും ഒരു ഹോം ഗാർഡിനെയും സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 17-ന് രാത്രി കുരുക്ഷേത്രയിലാണ് സംഭവങ്ങളുടെ തുടക്കം. ബാങ്ക് ജീവനക്കാരനായ യുവാവ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്ദ്രി റോഡിൽ വച്ച് പരിശോധനയിലായിരുന്ന പൊലീസുകാർ ഇയാളെ തടഞ്ഞു നിർത്തി. തുടർന്നുണ്ടായ ചോദ്യം ചെയ്യൽ തർക്കത്തിൽ കലാശിക്കുകയായിരുന്നു. യുവാവ് തുണികൊണ്ട് മുഖം മറച്ചിരുന്നതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ പോലീസ് സംഘം ഇയാളെ ബലമായി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
തനിക്ക് ബോൺ കാൻസർ (അസ്ഥി അർബുദം) ആണെന്ന് യുവാവ് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അത് കേൾക്കാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, രോഗത്തെ പരിഹസിക്കുകയും ചെയ്തു. അസുഖമുള്ള കാലിൽ ബൂട്ടിട്ട് ചവിട്ടുകയും അമർത്തുകയും ചെയ്തതായും, വസ്ത്രങ്ങൾ അഴിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചതായും യുവാവിന്റെ പരാതിയിലുണ്ട്. ക്രൂരമായ മർദനത്തെ തുടർന്ന് കടുത്ത രക്തസ്രാവവും കാലിന് ഒടിവും സംഭവിച്ച യുവാവിനെ നിലവിൽ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എ.എസ്.ഐ സഞ്ജീവ് കുമാർ, എ.എസ്.ഐ രാജേന്ദർ കുമാർ, ഹോം ഗാർഡ് സുമിത് എന്നിവരെ സസ്പെൻഡ് ചെയ്യാൻ കുരുക്ഷേത്ര എസ്.പി ചന്ദർ മോഹൻ ഉത്തരവിട്ടു. എന്നാൽ യുവാവ് മദ്യപിച്ചിരുന്നതായും ചെക്ക്‌പോസ്റ്റിൽ വച്ച് തങ്ങളോട് മോശമായി പെരുമാറിയെന്നുമാണ് കുറ്റാരോപിതരായ പൊലീസുകാരുടെ വാദം. നിലവിൽ ഡെപ്യൂട്ടി എസ്.പി നിർമ്മൽ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ സംഘം വിശദമായി പരിശോധിച്ചു വരികയാണ്.




