Crime

മദ്യപനായ ഭര്‍ത്താവിനെ അടിച്ചുകൊന്ന് ഭാര്യമാര്‍; മരിച്ചത് രണ്ടുമാസം മുമ്പ് ഭാര്യാമാതാവിനെ കൊന്നയാള്‍

മദ്യപിച്ചു ലക്കുകെട്ട് സ്ഥിരം ശല്യക്കാരനായ ഭര്‍ത്താവിനെ ഭാര്യമാര്‍ ചേര്‍ന്നു മര്‍ദിച്ചുകൊന്ന് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു. മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യമാരില്‍ ഒരാളുടെ അമ്മയെ രണ്ടുമാസംമുമ്പ് മര്‍ദിച്ചുകൊന്നയാളാണു കൊല്ലപ്പെട്ടത്.

തെലങ്കാനയിലെ ജാന്‍ഗാവ് ജില്ലയില്‍ കഴിഞ്ഞ ഏഴിനു രാത്രിയാണു സംഭവം. കല്യ കനകയ്യ എന്നയാളെയാണു ഭാര്യമാരായ ചുക്കമ്മ, ഷിറിഷ എന്നിവര്‍ ചേര്‍ന്നു കൊന്നത്. രണ്ടാം ഭാര്യയുടെ അറുപതുവയസുകാരി അമ്മയെ രണ്ടുമാസം മുമ്പ് കനകയ്യ മര്‍ദിച്ചു കൊന്നിരുന്നു. അതിനുശേഷം ഗ്രാമത്തില്‍നിന്നു പലായനം ചെയ്ത ഇയാള്‍ ഇടയ്ക്കു മടങ്ങിയെത്തി ഭാര്യമാരെയും അയല്‍വാസികളെയും ഭീഷണിപ്പെടുത്തുക പതിവായിരുന്നു.

കഴിഞ്ഞ ഏഴിനു വൈകിട്ടോടെ മദ്യപിച്ചു വീട്ടിലെത്തിയ ഇയാള്‍ പണം ആവശ്യപ്പെട്ട് ഭാര്യമാരുമായി വഴക്കിട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇരുവരെയും കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതോടെ വാക്കേറ്റം മൂര്‍ച്ഛിച്ചു. ഭാര്യമാര്‍ ചേര്‍ന്ന് കനകയ്യയെ കീഴടക്കി മര്‍ദിച്ചവശനാക്കി.

കൈയാങ്കളിക്കിടെ കനകയ്യ മരിച്ചെന്നു തിരിച്ചറിഞ്ഞതോടെ മൃതദേഹം ഗ്രാമത്തിലെ കനാലില്‍ ഉപേക്ഷിച്ചു. മൃതദേഹം കണ്ടെത്തിയ ഗ്രാമവാസികള്‍ വിവരം പോലീസില്‍ അറിയിച്ചു. മര്‍ദനമേറ്റാണു മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു പിന്നാലെ ഭാര്യമാരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇതോടെയാണു കൊലപാതകവിവരം പുറത്തായത്.