സംസ്ഥാനത്താകെ വീശിയടിച്ച യുഡിഎഫ് തരംഗത്തിൽ എൽഡിഎഫ് സർക്കാരിലെ 13 മന്ത്രിമാർ പരാജയപ്പെട്ടു. ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും അപ്രതീക്ഷിത തിരിച്ചടിയാണ് ഇടത് മുന്നണിക്ക് നേരിടേണ്ടി വന്നത്. പത്തനാപുരത്ത് 25 വർഷം എംഎൽഎ ആയിരുന്ന കെ.ബി. ഗണേഷ് കുമാർ കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയോട് തോറ്റത് മുന്നണിയെ ഞെട്ടിച്ചു.
നേമത്ത് വി. ശിവൻകുട്ടിയും ചടയമംഗലത്ത് ജെ. ചിഞ്ചുറാണിയും തോൽവി അറിഞ്ഞു. ആറൻമുളയിൽ ഒരു ഘട്ടത്തിലും മുന്നേറാൻ കഴിയാതിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് അബിൻ വർക്കിയോട് പരാജയപ്പെട്ടു. വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, പി. രാജീവ്, ആർ. ബിന്ദു എന്നിവരും സ്വന്തം മണ്ഡലങ്ങളിൽ പരാജയപ്പെട്ട പ്രമുഖ മന്ത്രിമാരാണ്.
തിരൂരിൽ വി. അബ്ദുറഹിമാനും എലത്തൂരിൽ എ.കെ. ശശീന്ദ്രനും മാനന്തവാടിയിൽ ഒ.ആർ. കേളുവും കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളിയും പരാജയമേറ്റുവാങ്ങി. എന്നാൽ മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാർക്ക് മാത്രമാണ് വിജയിക്കാനായത്.
തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും ധർമ്മടത്ത് പിണറായി വിജയൻ 19,000-ത്തിൽ അധികം വോട്ടുകൾക്ക് വിജയിച്ചു. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ 1012 വോട്ടിനും ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് 7487 വോട്ടിനും ജയിച്ചു കയറി. കെ. രാജൻ, ജി.ആർ. അനിൽ, സജി ചെറിയാൻ, പി. പ്രസാദ് എന്നിവരാണ് നിയമസഭയിലേക്ക് വിജയിച്ച മറ്റ് മന്ത്രിമാർ.




