വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകകപ്പ് ഫൈനലിസ്റ്റുകള്‍ ആരാകുമെന്ന് കൃത്യമായി പ്രവചിക്കുക എന്നത് അത്ര പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്ന ഒന്നല്ല. വെറുമൊരു ഊഹമെന്ന് പറഞ്ഞ് തള്ളിക്കളയാമെങ്കിലും, 2021-ല്‍ പങ്കുവെക്കപ്പെട്ട ഒരു എക്സ് പോസ്റ്റിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. 2026 ലോകകപ്പ് ഫൈനലിൽ എത്തുന്ന ടീമുകളെ കൃത്യമായി പറഞ്ഞ ആ പോസ്റ്റിലെ സ്കോര്‍ നിലയും അതുപോലെ സംഭവിക്കുമോ എന്നാണ് ഇപ്പോൾ കായിക പ്രേമികള്‍ ആകാംക്ഷയോടെ ചോദിക്കുന്നത്.
@actuallyimthe എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് 2021 ജൂലൈ 12-ന് 2026 ലോകകപ്പ് ജേതാക്കളെക്കുറിച്ചുള്ള ഈ കുറിപ്പ് വന്നത്. ‘2026 ലോകകപ്പ് ഫൈനലിൽ അർജന്റീന സ്പെയിനെ 3-2 ന് തോൽപ്പിച്ചിരിക്കുന്നു’ എന്നായിരുന്നു ആ പ്രവചനം. പോസ്റ്റ് ചെയ്ത സമയത്ത് ആരും ഇത് ശ്രദ്ധിച്ചില്ലെങ്കിലും, ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയിന് ഫൈനലിലെത്തിയതോടെയാണ് സംഭവം വീണ്ടും ശ്രദ്ധനേടിയത്. ഇതിനകം 2.77 ലക്ഷത്തിലധികം ആളുകളാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. പിന്നാലെ അര്‍ജന്റീനയും ഫൈനലുറപ്പിച്ചതോടെ പ്രവചനത്തിന്റെ ആദ്യഭാഗം പൂർണ്ണമായും ശരിയായിരിക്കുകയാണ്.
ഈ വ്യക്തിക്ക് ഇത് എങ്ങനെ മുൻകൂട്ടി മനസ്സിലായെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. 2022 ലോകകപ്പിന് പോലും മുന്‍പ് പങ്കുവെച്ച ഈ ട്വീറ്റിന്റെ ഉറവിടം എന്താണെന്നും പലരും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. അതേസമയം, ആരാണ് ഈ അക്കൗണ്ടിന് പിന്നിലെന്ന് ഇപ്പോഴും വ്യക്തമല്ല. ഡിസ്നി കഥാപാത്രമായ ‘സ്റ്റിച്ചിന്റെ’ പ്രൊഫൈൽ ചിത്രമുള്ള ഈ അക്കൗണ്ടിന്റെ പേര് ‘dilemma’ എന്നാണ്. 2017 മുതല്‍ സജീവമായ ഈ പ്രൊഫൈലിൽ പ്രധാനമായും ഗെയിമിംഗ് സംബന്ധമായ കാര്യങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്.
2025 ഡിസംബര്‍ 12-നാണ് ഈ അക്കൗണ്ടില്‍ അവസാനമായി ഒരു പോസ്റ്റ് വന്നത്. എന്നാല്‍ ഫൈനലിൽ അര്‍ജന്റീനയുടെ വിജയം ഉറപ്പായതിന് ശേഷം, വൈറലായ തന്റെ പഴയ പോസ്റ്റിന് താഴെ ഒരു പുതിയ കമന്റുമായി ഈ അക്കൗണ്ട് ഉടമ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.




