മുൻ ഗ്രാമത്തലവനേയും അമ്മയെയും രണ്ടാം ഭാര്യയെയും അനന്തരവളെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള് വാഹനത്തിനുള്ളില് കത്തിച്ച നിലയിൽ. വർഷങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കുകളെ തുടർന്ന് ഇയാളുടെ ആദ്യ ഭാര്യയും അവരുടെ രണ്ട് മക്കളും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
അജ്മീർ നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ശ്രീരാംപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരുടെ വീടിന് 500 മീറ്റർ അകലെയുള്ള ദേശീയപാതയിലാണ് മഹീന്ദ്ര സ്കോർപിയോ വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. ആദ്യം ഇതൊരു വാഹന അപകടമാണെന്നാണ് കരുതിയതെങ്കിലും, പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മുൻ സർപഞ്ചായ രാം സിംഗ് ചൗധരി, അദ്ദേഹത്തിന്റെ അമ്മ പൂസി ദേവി, രണ്ടാം ഭാര്യ സൂര്യഗ്യാൻ ദേവി, അനന്തരവൾ മഹിമ ചൗധരി എന്നിവരാണ് കൊല്ലപ്പെട്ടത്. വാഹനത്തിനുള്ളിൽ നിന്ന് പൂർണ്ണമായും കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. എന്നാൽ സൂര്യഗ്യാൻ ദേവിയുടെ മൃതദേഹം തൊണ്ടയറുത്ത നിലയിൽ സമീപത്തെ പാടത്താണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാം സിംഗിന്റെ ആദ്യ ഭാര്യ സുനിത, മകൾ സരിത, പ്രായപൂർത്തിയാകാത്ത മകൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാം സിംഗ് തന്റെ രണ്ട് ഭാര്യമാർക്കുമൊപ്പം ഒരേ വീട്ടിലായിരുന്നു താമസം. ഇത് വീട്ടിൽ നിരന്തരം വഴക്കുകൾക്ക് കാരണമായിരുന്നു. 2005-ൽ സുനിതയെ വിവാഹം കഴിച്ച രാം സിംഗിന് രണ്ട് കുട്ടികളുണ്ട്. എന്നാൽ 2005-ലെ വിവാഹത്തിന് ശേഷം, 2019-ൽ സുനിതയുടെ എതിർപ്പ് അവഗണിച്ച് ഇയാള് സൂര്യഗ്യാൻ ദേവിയെ രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു. ജില്ലാ കൗൺസിൽ അംഗമായിരുന്ന സൂര്യഗ്യാൻ നിയമ ബിരുദത്തിന് പഠിക്കുക കൂടിയായിരുന്നു.
തുടക്കത്തിൽ ഇതൊരു സാധാരണ തീപിടുത്തമാണെന്ന് തോന്നിയെങ്കിലും ആദ്യഘട്ട തെളിവുകൾ സംശയം ജനിപ്പിക്കുന്നതായിരുന്നുവെന്ന് അജ്മീർ എസ്പി ഹർഷ് വർദ്ധൻ അഗർവാല പറഞ്ഞു. പോലീസ് ആദ്യം വീട്ടിലെത്തിയപ്പോൾ, രാം സിംഗ് സുഖമില്ലാത്ത തന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയതാണെന്നാണ് സുനിത അവകാശപ്പെട്ടത്. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ പ്രായപൂർത്തിയാകാത്ത മകൻ കുറ്റം സമ്മതിക്കുകയും സംഭവത്തിന്റെ ഭീകരമായ വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.
മദ്യപിച്ചെത്തുന്ന അച്ഛൻ അമ്മയെയും ചേച്ചിയെയും തന്നെയുമെല്ലാം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മകൻ പോലീസിനോട് പറഞ്ഞു. അമ്മയെക്കൊണ്ട് വീട്ടുജോലികൾ മുഴുവൻ ചെയ്യിപ്പിക്കുകയും പുറത്തിറങ്ങാൻ അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഈ പീഡനം കാരണം അച്ഛനോട് കടുത്ത ദേഷ്യം തോന്നിയിരുന്നതായും, അച്ഛനെ എന്നെങ്കിലും താൻ കൊല്ലുമെന്ന് അമ്മയോട് പറയാറുണ്ടായിരുന്നതായും മകൻ വെളിപ്പെടുത്തി. ഇതിനായി ഇയാൾ ഓൺലൈൻ വഴി ഒരു കത്തിയും ഓർഡർ ചെയ്ത് വരുത്തിയിരുന്നു.
മെയ് 27-ന് രാം സിംഗും സുനിതയും തമ്മിൽ വലിയ വഴക്കുണ്ടാകുകയും അച്ഛനെ കൊല്ലുമെന്ന് മകൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്ന് രാത്രി അച്ഛൻ ഉറങ്ങിക്കിടക്കുമ്പോൾ മകൻ കത്തി ഉപയോഗിച്ച് തൊണ്ടയറുത്ത് കൊലപ്പെടുത്തി. ശബ്ദം കേട്ട് ഉണർന്ന രണ്ടാം ഭാര്യ സൂര്യഗ്യാൻ ഇതുകണ്ടതോടെ, വിവരം പുറത്താകാതിരിക്കാൻ അവരെയും മകൻ കൊലപ്പെടുത്തി. തുടർന്ന് ബഹളം കേട്ടെത്തിയ അമ്മ പൂസി ദേവിയെയും അനന്തരവൾ മഹിമയെയും സാക്ഷികളില്ലാതാക്കാൻ വേണ്ടി മകനും അമ്മയും ചേച്ചിയും ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചും വെട്ടിയും കൊല്ലുകയായിരുന്നു.
കൊലപാതകത്തിന് ശേഷം വീട്ടിലിരുന്ന ട്രാക്ടറിൽ നിന്നും ഡീസൽ എടുത്ത്, മൃതദേഹങ്ങൾ വലിച്ചിഴച്ച് സ്കോർപിയോ കാറിനുള്ളിൽ കയറ്റി. തുടർന്ന് വീടിന് 500 മീറ്റർ അകലേക്ക് വാഹനം ഓടിച്ചു കൊണ്ടുപോയി തീയിടുകയായിരുന്നു. കാറിന്റെ പിൻസീറ്റുകൾ മടക്കിവെച്ച നിലയിലായിരുന്നുവെന്നും, ആളുകളെ കൊലപ്പെടുത്തിയ ശേഷമാണ് ഉള്ളിലേക്ക് കയറ്റിയതെന്നും ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിനിടെ വീടിന്റെ ചുവരുകളിലും തറയിലും രക്തക്കറകൾ പോലീസ് കണ്ടെത്തി. രക്തം പുരണ്ട രണ്ട് ഇഷ്ടികകളും തീപ്പെട്ടിയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. വെള്ളവും കെമിക്കലുകളും ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. മൊബൈൽ ടവർ ലൊക്കേഷനുകളും ഫോറൻസിക് തെളിവുകളും അടിസ്ഥാനമാക്കിയാണ് പോലീസ് സുനിതയെയും മക്കളെയും കസ്റ്റഡിയിലെടുത്തത്.
ഭക്ഷണത്തിൽ വിഷം കലർത്തിയും, ഖനന മേഖലയിലെ കുന്നിൻ മുകളിൽ നിന്ന് തള്ളിയിട്ടും മുൻപും അച്ഛനെ കൊല്ലാൻ താൻ പലതവണ ശ്രമിച്ചിരുന്നതായി പ്രായപൂർത്തിയാകാത്ത മകൻ പോലീസിനോട് സമ്മതിച്ചു. ഒടുവിൽ ഓൺലൈൻ വഴി കത്തി വാങ്ങിയാണ് ഇയാൾ കൊലപാതകം നടത്തിയത്. മകനെ നിലവിൽ ജുവനൈൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അമ്മയ്ക്കും ചേച്ചിക്കുമൊപ്പം മറ്റാർക്കെങ്കിലും ഈ കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.




