വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ടെക്സസിലെ റിപ്ലബ്ലിക്കൻ വനിതാ നേതാവും സ്ഥാനാർഥിയുമായ വാലന്‍റിന ഗോമസ്. ടെക്സസിലെ 31ാംമത് കോൺഗ്രഷനൽ ഡിസ്ട്രിക്ടിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ഖുർആൻ കത്തിച്ച വാലന്‍റിന ഗോമസ്. വീഡിയോ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
ടെക്സസിൽ ഇസ്ലാമിനെ ഇല്ലാതാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും മുസ്ലിംകൾ സ്റ്റേറ്റ് വിട്ടുപോകണമെന്നും വീഡിയോയില്‍ അവർ ഭീഷണി മുഴക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വിഡിയോയിലാണ് വാലന്‍റീനയുടെ വിദ്വേഷ പരാമർശങ്ങളുള്ളത്. മുസ്ലിം സമുദായം ക്രിസ്ത്യൻ രാജ്യങ്ങൾക്ക് വലിയ ഭീഷണിയാകുകയാണെന്നും അവർ വിഡിയോയിൽ പറയുന്നു. 57 മുസ്ലിം രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്ക് പോകാന്‍ അവര്‍ ആഹ്വാനം ചെയ്യുന്നു. ‘നമ്മൾ ഇസ്ലാമിനെ എന്നന്നേക്കുമായി നിയന്ത്രിച്ചില്ലെങ്കിൽ അവർ നിങ്ങളുടെ പെൺമക്കളെ ബലാത്സംഗം ചെയ്യും, നിങ്ങളുടെ ആൺമക്കളുടെ തലവെട്ടും’ എന്ന് പറഞ്ഞുകൊണ്ടാണ് ഖുർആൻ കത്തിക്കുന്നത്.
‘ജീസസ് ക്രൈസ്റ്റ്’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. എക്‌സിലും ഗോമസ് തന്റെ നിലപാട് ആവര്‍ത്തിച്ചു. ഖുറാന്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഗ്രന്ഥമാണെന്ന് അവര്‍ വിശേഷിപ്പിച്ചു. ഇസ്രായേലില്‍ നടന്ന ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണം, 2021-ല്‍ 13 യുഎസ് സൈനികരുടെ മരണത്തിന് കാരണമായ കാബൂള്‍ വിമാനത്താവള ബോംബാക്രമണം തുടങ്ങി നിരവധി ആഗോള സംഭവങ്ങളുമായി അവര്‍ ഇതിനെ ബന്ധിപ്പിച്ചു. ഫോക്‌സ്26 ഹൂസ്റ്റണിന് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍, ലൈംഗിക അതിക്രമങ്ങളെയും ഭീകരവാദത്തെയും ഖുറാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഗോമസ് ആരോപിച്ചു.
നടപടി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും ഈ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൗത്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഗ്രെനെല്‍, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിശേഷിപ്പിച്ചു. ഭരണഘടനയുടെ ഒന്നാം ഭേദഗതിയെ ദുര്‍ബലപ്പെടുത്തുന്നത് നിര്‍ത്തുക. യുഎസ് ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു. നിങ്ങള്‍ക്ക് നമ്മുടെ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ല,” ഗ്രെനെല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും വീഡിയോ വലിയ പ്രതിഷേധത്തിന് കാരണമായി.




