Crime

പോയി മരിക്ക്…. ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ച് നല്‍കി, യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്

തൊടുപുഴയില്‍ വിഷം ഉള്ളില്‍ച്ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു (43) വിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്.

26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളില്‍ കുത്തി പിടിച്ച ശേഷം ഭര്‍ത്താവ് ടോണി മാത്യു കുപ്പിയിലെ വിഷം വായില്‍ ഒഴിച്ചു നല്‍കുകയായിരുവെന്ന് ജോര്‍ലി ആശുപത്രിയില്‍ വച്ച് മജിസ്‌ട്രേറ്റിനും പോലീസിനും മൊഴി നല്‍കിയിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ജോര്‍ലി വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജോര്‍ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജോര്‍ലിയുടെ പിതാവ് പല്ലാരിമംഗലം അടിവാട് കുന്നക്കാട് ജോണ്‍ കരിങ്കുന്നം പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു.

ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്തുനിന്ന് ജോര്‍ലിക്കും നിരന്തരമായി കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ ഏറ്റിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍തൃവീട്ടില്‍ ജോര്‍ലി കടുത്ത പീഡനമേറ്റിരുന്നെന്ന് വ്യക്തമായി.
വധശ്രമത്തിനു കഴിഞ്ഞ ദിവസം അറസ്റ്റിലായ ടോണിയെ പുറപ്പുഴയിലെ വീട്ടിലും വിഷം വാങ്ങിയ പുറപ്പുഴയിലെ വ്യാപാര സ്ഥാപനത്തിലും എത്തിച്ച് പോലീസ് തെളിവെടുക്കുകയും ചെയ്തു. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച ജോര്‍ലി മരിച്ചതോടെ ടോണിയുടെ പേരില്‍ കൊലക്കുറ്റം ചുമത്തി. ആവശ്യമെങ്കില്‍ ടോണിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് കരിങ്കുന്നം പോലീസ് സൂചിപ്പിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇരുപത് പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും നല്‍കിയാണ് മകള്‍ ജോര്‍ലിയെ ടോണിക്ക് വിവാഹം ചെയ്ത് നല്‍കിയതെന്ന് പിതാവ് ജോണ്‍ പറഞ്ഞു. പിന്നീട് ഭര്‍തൃ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നാലു ലക്ഷം രൂപയും പലപ്പോഴായി വാങ്ങി. നല്‍കിയ പണവും സ്വര്‍ണവും ടോണിയും മാതാപിതാക്കളും ചേര്‍ന്ന് വിറ്റ് ദൂര്‍ത്തടിച്ച് നശിപ്പിക്കുകയാണ് ചെയ്തത്. വീണ്ടും പണം ആവശ്യപ്പെട്ട് വീട്ടുകാരുടെ പ്രേരണയാല്‍ ടോണി മകളെ നിരന്തരം മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.

തടിപ്പണിക്കാരനായ ടോണി ജോലി കഴിഞ്ഞ് മിക്ക ദിവസങ്ങളിലും മദ്യപിച്ചാണെത്തുന്നത്. ഇതിന് ശേഷം നിസാര കാര്യങ്ങള്‍ പറഞ്ഞ് ജോര്‍ലിയെ അതിക്രൂരമായി ഉപദ്രവിക്കും. ഇതിനിടെ ടോണിയും മാതാപിതാക്കളും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. ഇതേ തുടര്‍ന്ന് മകളും ഭര്‍ത്താവും കുട്ടിയും വാടക വീട്ടിലേയ്ക്ക് താമസം മാറി. ഇവിടെ വച്ചും മകളെയും പേരക്കുട്ടിയെയും നിരന്തരം ഉപദ്രവിച്ചിരുന്നു. ഇക്കാര്യം ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിനിയായ പേരക്കുട്ടി പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മകളോട് പോയി മരിക്കാന്‍ പറയുകയും ചെയ്യുമായിരുന്നു. ഉപദ്രവം സഹിക്ക വയ്യാതെ വീട്ടിലേക്ക് വരാനിരുന്ന ദിവസമാണ് മകള്‍ക്ക് ബലമായി വിഷം നല്‍കിയത്.’-ജോര്‍ലിയുടെ പിതാവ് പറഞ്ഞു.