കൊൽക്കത്ത: പതിനഞ്ചു വയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രശസ്ത യുട്യൂബറായ അരബിന്ദ മണ്ഡലും ഇയാളുടെ പ്രായപൂർത്തിയാകാത്ത മകനും അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയില്ലാണ് സംഭവം. 48 വയസ്സുകാരനായ യൂട്യൂബർക്ക് ഓൺലൈനിൽ 4.5 മില്യൺ ഫോളോവേഴ്സ് ഉണ്ട്.
ഏതാനും മാസങ്ങൾക്ക് മുൻപ് റീൽസ് ചിത്രീകരണത്തിന്റെ ഭാഗമാക്കാം എന്ന് പറഞ്ഞാണ് അരബിന്ദ മണ്ഡലും മകനും പെൺകുട്ടിയെ സമീപിക്കുന്നത്. റീൽസ് ചിത്രീകരണത്തിനായി വിവിധ സ്ഥലങ്ങളിലേക്ക് പെൺകുട്ടിയുമായി ഇവർ യാത്രചെയ്തിരുന്നു. ഇതിനിടയിൽ പെൺകുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഇവർ രഹസ്യമായി പകർത്തുകയും പിന്നീട് പെൺകുട്ടിയെ ഭീഷണിപെടുത്തി ബലാത്സംഗം ചെയുകയായിരുന്നു. അയൽവാസികൾ ആയതിനാൽ, ചിത്രീകരണത്തിനായി പെൺകുട്ടി ഇവർക്കൊപ്പം പോകുന്നത് പെൺകുട്ടിയുടെ കുടുംബം എതിർത്തിരുന്നില്ല.
പീഡനം സഹിക്കേണ്ടി വന്ന ദിവസങ്ങൾക്ക് ശേഷം ശനിയാഴ്ച പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ തുറന്നുപറഞ്ഞതോടെയാണ് കുറ്റകൃത്യങ്ങൾ പുറത്തുവന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ (TOI) റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അരബിന്ദയ്ക്കും മകനുമെതിരെ കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്.
തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. അരബിന്ദ മണ്ഡലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മകനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ പിതാവ് കൊൽക്കത്ത പോലീസിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ്.
“വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ശേഷമാണ് അവർ അവളെ പീഡിപ്പിച്ചതെന്ന് ആരോപിക്കപ്പെടുന്നു.” POCSO നിയമപ്രകാരമാണ് ഹാരോവ പോലീസ് മൊണ്ടാളിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം മൊണ്ടാളിനെ ഞായറാഴ്ച ബസിർഹട്ട് സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കി. തുടർന്ന് അന്വേഷണത്തിനായി ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത മകനെ ജുവനൈൽ കോടതിയിലേക്ക് അയച്ചിട്ടുണ്ട്.




