വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ ജയത്തിനരികേ. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അഞ്ചിന് 518 ഡിക്ലയേഡ്, രണ്ടാം ഇന്നിങ്സ് ഒന്നിന് 63. വെസ്‌റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 248, ഫോളോ ഓണ്‍ 390.
നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ജയത്തിന് 58 റണ്‍ മാത്രം അകലെയാണ്. 121 റണ്ണിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (എട്ട്) ക്ഷണത്തില്‍ നഷ്‌ടപ്പെട്ടു. ജോമല്‍ വാറികാന്റെ പന്തില്‍ ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് പിടിച്ചാണു ജയ്‌സ്വാള്‍ പുറത്തായത്. കളി നിര്‍ത്തുമ്പോള്‍ ഓപ്പണര്‍ ലോകേഷ് രാഹുല്‍ (25), സായ് സുദര്‍ശന്‍ (30) എന്നിവര്‍ ക്രീസിലുണ്ട്.
ഒരു ദിവസവും ഒന്‍പത് വിക്കറ്റും ശേഷിക്കേ രണ്ട് ടെസ്‌റ്റുകളുടെ പരമ്പരയില്‍ സമ്പൂര്‍ണ ജയമാണ് ഇന്ത്യ ഉറപ്പിക്കുന്നത്. അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടര്‍ച്ചയായി 200 ഓവര്‍ എറിഞ്ഞു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് ക്ഷണത്തില്‍ അവസാനിപ്പിച്ചെങ്കിലും ഫോളോ ഓണില്‍ കഥ മാറി.
81.5 ഓവറില്‍ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചെങ്കിലും അടുത്ത ഇന്നിങ്‌സ് 118.5 ഓവര്‍ കടന്നു. കന്നി സെഞ്ചുറിയടിച്ച ഓപ്പണര്‍ ജോണ്‍ കാംബല്‍ (199 പന്തില്‍ മൂന്ന് സിക്‌സറും 12 ഫോറുമടക്കം 115), എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം സെഞ്ചുറിയടിച്ച ഷായ് ഹോപ് (214 പന്തില്‍ രണ്ട് സിക്‌സറും 12 ഫോറുമടക്കം 103) എന്നിവരാണു വിന്‍ഡീസിനു മാന്യത നേടിക്കൊടുത്തത്. അവസാന വിക്കറ്റ് കൂട്ടുകെട്ട് 79 റണ്ണെടുത്തതും മത്സരത്തില്‍ സവിശേഷമായി. ജസ്‌റ്റിന്‍ ഗ്രീവ്‌സ് 85 പന്തില്‍ 50 റണ്ണുമായി പുറത്താകാതെനിന്നു. അവസാന ബാറ്റര്‍ ജായ്‌ഡന്‍ സീല്‍സും (67 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 32) ഗ്രീവ്‌സും ചേര്‍ന്ന് 22 ഓവറുകള്‍ നേരിട്ടു. ഒന്‍പതിന് 311 റണ്ണെന്ന നിലയിലാണ് അവര്‍ ക്രീസിലൊന്നിച്ചത്. 119-ാം ഓവറില്‍ ബുംറയെത്തി സീല്‍സിനെ പുറത്താക്കിയാണു കൂട്ടുകെട്ട് തകര്‍ത്തത്.
ജോണ്‍ കാംബെല്‍, ഷായ് ഹോപ്പ് എന്നിവരുടെ സെഞ്ചുറികളാണ് വിന്‍ഡീസിനെ ഇന്നിങ്‌സ് തോല്‍വിയില്‍നിന്നു രക്ഷിച്ചത്. ഇന്ത്യക്കായി ജസ്‌പ്രീത് ബുംറയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതമെടുത്തു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ, വാഷിങ്‌ടണ്‍ സുന്ദര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. രണ്ടിന് 173 റണ്ണെന്ന നിലയിലാണ് വിന്‍ഡീസ് നാലാം ദിനം ബാറ്റിങ് ആരംഭിച്ചത്. മൂന്നാം ദിനത്തിന് സമാനമായി കാംബലും ഹോപും പിടികൊടുക്കാതെ ബാറ്റിങ് തുടര്‍ന്നു.
പരമ്പരയിലെ ഏറ്റവും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയ ഇരുവരും സ്‌കോര്‍ 200 കടത്തുകയും ചെയ്‌തു. സ്‌കോര്‍ 212 ല്‍ നില്‍ക്കേ കാംബെലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി രവീന്ദ്ര ജഡേജ തിരിച്ചടിച്ചു. ബൗളര്‍മാരെ ക്ഷമയോടെ നേരിട്ട കാംബെലും ഹോപ്പും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 177 റണ്‍ കൂട്ടിച്ചേര്‍ത്തു. കാംബെല്‍ പുറത്തായെങ്കിലും നായകന്‍ റോസ്‌റ്റണ്‍ ചേസിനെ കൂട്ടുപിടിച്ച് ഷായ് ഹോപ്പ് സ്‌കോറുയര്‍ത്തി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 270 കടത്തി. അതോടെ വിന്‍ഡീസിന് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കി ലീഡ് നേടി. സെഞ്ചുറി തികച്ച ഹോപിനെ ബൗള്‍ഡാക്കി സിറാജ് ഇന്ത്യയെ വീണ്ടും കളിയിലേക്കു കൊണ്ടു വന്നു. തുടര്‍ന്ന് വന്ന വിന്‍ഡീസ് ബാറ്റര്‍മാര്‍ ചെറുത്തു നില്‍ക്കാതെ കൂടാരം കയറുന്നതാണ് കണ്ടത്. റോസ്‌റ്റണ്‍ ചേസ്, ടെവിന്‍ ഇംലാച് (12), ഖാരി പിയറി (0) എന്നിവരെ കുല്‍ദീപ് യാദവ് പുറത്താക്കി. ജോമല്‍ വാറിക്കാന്‍ (മൂന്ന്), അന്‍ഡേഴ്‌സണ്‍ ഫിലിപ് (രണ്ട്), സീല്‍സ് എന്നിവരെ ബുംറയും മടക്കി. അതോടെ ടീം ഒന്‍പതിന് 311 എന്ന നിലയിലേക്ക് വീണു. വെസ്‌റ്റിന്‍ഡീസിനെതിരേ തുടര്‍ച്ചയായ പത്താമത്തെ ടെസ്‌റ്റ് പരമ്പര നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.




