മാന്നാര്‍: തട്ടിപ്പ് കേസുകളില്‍ പ്രതികളായ ദമ്പതികളെ 30 വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റ് ചെയ്തു. മാന്നാര്‍ കുരട്ടിക്കാട് കണിച്ചേരില്‍ ശശിധരന്‍(71) ഭാര്യ ശാന്തിനി (65) എന്നിവരെയാണ് മാന്നാര്‍ പോലീസ് മുംബൈയിലെ പന്‍വേലില്‍നിന്ന് അറസ്റ്റ് ചെയ്തത്. 1995ല്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയതിന് മാന്നാര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ ദമ്പതികളെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇവര്‍ മാന്നാറില്‍നിന്നും മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ കോടതിയില്‍ ഹാജരായിട്ടില്ല.
ഇതിനിടെയാണ് 1997ല്‍ കെ.എസ്.എഫ്.ഇയില്‍ വസ്തു ഈടായി നല്‍കി വായ്പ എടുക്കുകയും പിന്നീട് ബാങ്ക് അറിയാതെ വസ്തു കൈമാറ്റം ചെയ്ത് ബാങ്കിനെ കബളിപ്പിച്ചു എന്ന കുറ്റത്തിന് മാന്നാര്‍ പോലീസ് ശശിധരന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ഇയാളെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ഈ രണ്ട് കേസുകളിലും കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ പ്രതികള്‍ക്കെതിരേ കോടതി എല്‍.പി വാറണ്ട് പുറപ്പെടുവിച്ച് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രന്റെ നിര്‍ദേശ പ്രകാരം ചെങ്ങന്നൂര്‍ ഡിവൈ. എസ് .പി എം.കെ. ബിനുകുമാര്‍, മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഡി. രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയതിന്റെ ഭാഗമായി മാന്നാര്‍ എസ്.ഐ ശരത് ചന്ദ്രബോസ്, ജൂനിയര്‍ എസ്.ഐ ലിന്‍സി , സിവില്‍ പോലീസ് ഓഫിസര്‍മാരായ അന്‍സര്‍, സുമേഷ് എന്നിവര്‍ ചേര്‍ന്ന് മുംബൈയിലെ പന്‍വേലില്‍നിന്നും ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.




