മാതൃദിനമായ ഇന്ന് (മെയ് 10) ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സിഇഒ തന്റെ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. മാർക്കറ്റിംഗ്, പിആർ മേഖലയിൽ പ്രവർത്തിക്കുന്ന രജത് ഗ്രോവർ എന്ന യുവസംരംഭകനാണ് തന്റെ ജീവനക്കാർക്ക് മാതാപിതാക്കളോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ മൂന്ന് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയും 10,000 രൂപ അലവൻസും പ്രഖ്യാപിച്ചത്.
ആധുനിക ജീവിതത്തിരക്കുകൾക്കിടയിൽ മക്കൾക്ക് തങ്ങളുടെ മാതാപിതാക്കളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും പലപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. രാവിലെ ജോലിക്കുപോയി വൈകിട്ട് മടങ്ങിയെത്തുന്ന തിരക്കിനിടയിൽ മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ചോ ആഗ്രഹങ്ങളെക്കുറിച്ചോ ചോദിക്കാൻ പോലും ആരും സമയം കണ്ടെത്തുന്നില്ലെന്ന് ഗ്രോവർ ഓർമ്മിപ്പിച്ചു.
ജീവനക്കാർ തങ്ങളുടെ മാതാപിതാക്കളോട് അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ചും ചോദിച്ചറിയണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതിനുശേഷം ടിക്കറ്റുകൾ ബുക്ക് ചെയ്ത് മൂന്ന് ദിവസം അവർക്കൊപ്പം യാത്ര പോകാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുള്ള ചിലവിലേക്കായി കമ്പനി 10,000 രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു. തങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ മക്കൾ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇന്നത്തെ കോർപ്പറേറ്റ് ലോകത്ത് ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ അപൂർവ്വമാണെന്നും മറ്റ് കമ്പനികളും ഇത് പിന്തുടരണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ഇത്തരം കാര്യങ്ങൾ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും ഉന്മേഷദായകമായ ജോലിസാഹചര്യത്തിനും സഹായിക്കുമെന്നും ആളുകൾ കുറിച്ചു.




