മുംബൈ ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ അടുത്ത ക്യാപ്റ്റൻ ആരാകണമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് കുറച്ചുകാലമായി. നിലവിലെ ക്യാപ്റ്റനായ സൂര്യകുമാർ യാദവിന് പകരം പുതിയൊരാൾ ഈ സ്ഥാനത്തേക്ക് വരുമെന്നാണ് സൂചനകൾ. ട്വന്റി20 ലോകകപ്പ് വിജയത്തോടെ സൂര്യകുമാറിന്റെ ദൗത്യം പൂർത്തിയായെന്നും, 2028-ൽ നടക്കുന്ന അടുത്ത ലോകകപ്പും ഒളിംപിക്സും ലക്ഷ്യമിട്ട് പുതിയൊരു നായകന് കീഴിൽ ടീമിനെ വളർത്തിയെടുക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
സൂര്യകുമാറിന്റെ സമീപകാലത്തെ മോശം ഫോമും ഈ മാറ്റത്തിന് ഒരു കാരണമാണ്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനും ഇന്ത്യയുടെ ഏകദിന ടീം വൈസ് ക്യാപ്റ്റനുമായ ശ്രേയസ്സ് അയ്യർ, ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ തിളങ്ങിയ മലയാളി താരം സഞ്ജു സാംസൺ എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും കേൾക്കുന്നത്. മുംബൈ ഇന്ത്യൻസ് താരം തിലക് വർമയുടെ പേരും ഇതിനിടയിൽ ചർച്ചയായിരുന്നു.
എന്നാൽ ഇതുവരെ ചർച്ചകളിൽ വരാത്ത, ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഇതുവരെ കളിച്ചിട്ടുപോലുമില്ലാത്ത ഒരു താരത്തെ ക്യാപ്റ്റനാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശക്തമാകുന്നത്. അത് മറ്റാരുമല്ല, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ക്യാപ്റ്റൻ രജത് പാട്ടിദാറാണ്. ആർസിബിയെ തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ ഫൈനലിൽ എത്തിച്ചതിന് പിന്നാലെയാണ് പാട്ടിദാറിന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞത്.
2022 ഐപിഎൽ സീസണിൽ പരുക്കേറ്റ ഒരു കളിക്കാരന് പകരക്കാരനായാണ് രജത് പാട്ടിദാർ ആർസിബിയിൽ എത്തുന്നത്. പിന്നീട് വിരാട് കോലിയുടെ പിൻഗാമിയായി ടീമിന്റെ ക്യാപ്റ്റനായ അദ്ദേഹം, തന്റെ ആദ്യ സീസണിൽ തന്നെ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർസിബിക്ക് കന്നി ഐപിഎൽ കിരീടം നേടിക്കൊടുത്തു. ഈ സീസണിൽ പോയിന്റ് പട്ടികയിൽ ഒന്നാമന്മാരായാണ് ആർസിബി പ്ലേഓഫിൽ എത്തിയത്. പിന്നീട് ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച് ഫൈനലിലുമെത്തി. ആർസിബിയെ രണ്ടു തവണ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനാണ് പാട്ടിദാർ. തുടർച്ചയായ രണ്ടാം കിരീടമെന്ന നേട്ടത്തിന് വെറും ഒരു ജയം മാത്രം അകലെയാണ് ആർസിബി ഇപ്പോൾ.
വിരാട് കോലി ടീമിന്റെ പ്രധാന മുഖമായി തുടരുമ്പോഴും ആർസിബിയുടെ വിജയങ്ങളിൽ പാട്ടിദാറിന്റെ പങ്ക് വളരെ വലുതാണ്. മികച്ച തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, ബോളിങ്ങിൽ വരുത്തുന്ന കൃത്യമായ മാറ്റങ്ങൾ, ടീമിനെ ജയത്തിലേക്ക് നയിക്കുന്ന പ്രകടനങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സവിശേഷതകളാണ്. അന്താരാഷ്ട്ര തലത്തിൽ മൂന്ന് ടെസ്റ്റുകളും ഒരു ഏകദിനവും കളിച്ചിട്ടുണ്ടെങ്കിലും ട്വന്റി20യിൽ പാട്ടിദാർ ഇതുവരെ അരങ്ങേറിയിട്ടില്ല. നിലവിൽ ഇന്ത്യൻ ക്യാപ്റ്റനാകാൻ യോഗ്യതയുള്ള രണ്ടു മൂന്ന് കളിക്കാരിൽ ഒരാൾ പാട്ടിദാറാണെന്നും അദ്ദേഹത്തെ ട്വന്റി20 ടീമിൽ വേണമെന്ന കാര്യത്തിൽ സംശയമില്ലെന്നും മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു ക്രിക്ഇൻഫോയോട് പറഞ്ഞു.
സൂര്യകുമാർ യാദവിന് പകരം പാട്ടിദാറിനെ ക്യാപ്റ്റനാക്കണമോ എന്ന ചോദ്യത്തിന്, അദ്ദേഹത്തെ നേരിട്ട് ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നത് വലിയൊരു പരീക്ഷണമായിരിക്കുമെങ്കിലും സമീപകാലത്ത് ശ്രേയസ്സ് അയ്യർ, സഞ്ജു സാംസൺ എന്നിവരെക്കാൾ മികച്ച പ്രകടനമാണ് പാട്ടിദാർ കാഴ്ചവച്ചതെന്ന് റായുഡു മറുപടി നൽകി. ക്യാപ്റ്റനായില്ലെങ്കിൽ പോലും ഇന്ത്യൻ ട്വന്റി20 ടീമിൽ അദ്ദേഹം ഒരു സ്ഥാനം അർഹിക്കുന്നുണ്ട്. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ആർസിബി തുടർച്ചയായ രണ്ടാം കിരീടം നേടുകയാണെങ്കിൽ, അത് ഇന്ത്യൻ ടീമിലേക്കും ഒരുപക്ഷേ ക്യാപ്റ്റൻ സ്ഥാനത്തേക്കുമുള്ള പാട്ടിദാറിന്റെ സാധ്യതകൾ വർധിപ്പിക്കുമെന്നും അമ്പാട്ടി റായുഡു കൂട്ടിച്ചേർത്തു.




