പ്രണയവിവാഹത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് യുവതിയെ മർദിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. ആക്രമണത്തിനിടയിൽ യുവതിയുടെ രണ്ടരപ്പവൻ സ്വർണ്ണമാലയും അമ്പതിനായിരത്തിലധികം രൂപയും കവർന്നു. കാമുകനായ യുവാവിന്റെ ബന്ധുക്കളാണ് തനിക്കെതിരെ അതിക്രമം നടത്തിയതെന്ന് കാണിച്ച് യുവതി മണ്ണന്തല പൊലീസിൽ പരാതി നൽകി.
ഈ മാസം പത്തൊൻപതാം തീയതി മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. പ്രണയബന്ധം ഉപേക്ഷിക്കാൻ വിസമ്മതിച്ചതാണ് യുവാവിന്റെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്. നാലുപേരടങ്ങുന്ന സംഘം യുവതിയെ കാറിൽ നിന്നും ബലമായി പിടിച്ചിറക്കി ക്രൂരമായി മർദിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്യുകയായിരുന്നു. യുവാവിന്റെ അമ്മ, അമ്മയുടെ സഹോദരൻ, മുത്തശ്ശൻ, മുത്തശ്ശി എന്നിവർ കാറിലെത്തിയാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു.
ആക്രമണത്തിനിടയിൽ തന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാലയും കാറിലുണ്ടായിരുന്ന 57,500 രൂപയും ഇവർ തട്ടിയെടുത്തതായും യുവതി ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണന്തല പൊലീസ് നാല് പ്രതികൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പലതവണ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംഭവം ഒത്തുതീർപ്പാക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയതായും യുവതി വെളിപ്പെടുത്തി.
ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളതെങ്കിലും പ്രതികളെ ആരെയും ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികൾക്ക് ഉന്നത തലത്തിലുള്ള സ്വാധീനമുള്ളതുകൊണ്ടാണ് പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.




