Crime

ഫോണിന്റെ പാസ്‌വേഡ് സഹോദരിക്ക് അയച്ച ശേഷം ആത്മഹത്യ?; പൊലീസുകാരന്റെ ഭാര്യ മരിച്ച നിലയിൽ

ബെംഗളൂരു കെ.ആർ.പുരം പൊലീസ് ക്വാർട്ടേഴ്സിൽ കോൺസ്റ്റബിളിന്റെ ഭാര്യയായ ലക്ഷ്മി പ്രിയ (26) എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന ആരോപണവുമായി പെൺകുട്ടിയുടെ വീട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

എച്ച്എഎൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ രാജേഷ് ആരാധ്യയുമായി 2023 മേയ് 11നായിരുന്നു ലക്ഷ്മി പ്രിയയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭർത്താവ് രാജേഷ്, ഭർതൃപിതാവ് പാലാക്ഷാരാധ്യ, ഭർതൃമാതാവ് ഭാഗ്യമ്മ എന്നിവർ ചേർന്ന് ലക്ഷ്മിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി യുവതിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മയായ ലക്ഷ്മി പ്രിയ, പ്രസവവുമായി ബന്ധപ്പെട്ട് ആറ് മാസത്തോളം സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മേയ് 22ന് ഉച്ചയ്ക്ക് 2.30 ഓടെ ലക്ഷ്മി പ്രിയ തന്റെ മൊബൈൽ ഫോണിന്റെ പാസ്‌വേഡ് സഹോദരി ജയശ്രീക്ക് വാട്സാപ്പിൽ സന്ദേശമായി അയച്ചു. ഇതിൽ അസ്വാഭാവികത തോന്നി സഹോദരി ഉടൻ തന്നെ തിരിച്ചുവിളിച്ചെങ്കിലും ലക്ഷ്മി ഫോൺ എടുത്തില്ല. തുടർന്ന് ഭർത്താവ് രാജേഷിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ലക്ഷ്മി പ്രിയ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച വിവരം പുറത്തറിയുന്നത്.

വൈകിട്ട് ജോലി കഴിഞ്ഞ് രാജേഷ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ തൂങ്ങിയ നിലയിൽ കണ്ടതെന്നും ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 80(2) (സ്ത്രീധന മരണം), സെക്ഷൻ 85 (ഗാർഹിക പീഡനം), സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.