Lifestyle

500 രൂപ പെന്‍ഷന്‍ കൈപ്പറ്റാന്‍ തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ- വീഡിയോ

റായ്പുർ ∙ മധ്യവയസ്കയായ ഒരു സ്ത്രീ തന്റെ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി കിലോമീറ്ററുകളോളം നടന്ന് ബാങ്കിലെത്തി. കഠിനമായ ചൂടും സൂര്യാഘാത സാധ്യതയും വകവെക്കാതെ, ആ വയോധികയുടെ 500 രൂപയുടെ പ്രതിമാസ പെൻഷൻ വാങ്ങാനാണ് അവർ 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചത്. ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഈ വേദനാജനകമായ ദൃശ്യം ആ വഴി വന്ന ഒരാളാണ് മൊബൈലിൽ പകർത്തിയത്. ജഗൽപാറ ഗ്രാമത്തിൽ താമസിക്കുന്ന സുകുമനിയ എന്ന സ്ത്രീയാണ് ഭർതൃമാതാവിനെ ചുമന്ന് ബാങ്കിലെത്തിയത്.

ബാങ്ക് മിത്ര വഴി സാധാരണയായി പെൻഷൻ വീട്ടിൽ എത്താറുണ്ടായിരുന്നുവെന്നും എന്നാൽ കെവൈസി വിവരങ്ങൾ പൂർണമല്ലാത്തതിനാൽ കഴിഞ്ഞ നാല് മാസമായി പെൻഷൻ മുടങ്ങിക്കിടക്കുകയായിരുന്നുവെന്നും സുകുമനിയ പറഞ്ഞു. ഇതേത്തുടർന്നാണ് മെയിൻപട്ടിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നേരിട്ടെത്താൻ ഇവർ നിർബന്ധിതരായത്.

കെവൈസി പ്രശ്നങ്ങൾ കാരണം ജനുവരിക്ക് ശേഷം പെൻഷൻ നൽകിയിരുന്നില്ലെന്ന് മെയിൻപട്ട് ജൻപത് പഞ്ചായത്ത് സിഇഒ ഖുശ്ബു ശാസ്ത്രി വ്യക്തമാക്കി. സുകുമനിയ ഭർതൃമാതാവിനെ ചുമലിലേറ്റിയാണ് ബാങ്കിലെത്തിയതെന്നും രേഖകൾ ശരിയാക്കിയ ശേഷം കുടിശ്ശികയടക്കം 2000 രൂപ ഇവർക്ക് കൈമാറിയെന്നും അവർ അറിയിച്ചു. വരും മാസങ്ങളിൽ പെൻഷൻ വീട്ടിൽ എത്തിക്കുമെന്ന് ബാങ്ക് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ വീഴ്ചയെ വിമർശിച്ച് മുൻ ഉപമുഖ്യമന്ത്രി ടി.എസ്. സിങ് ഡിയോ രംഗത്തെത്തി. വോട്ട് ചോദിക്കാൻ ജനങ്ങളുടെ വീടുകളിലെത്തുന്ന രാഷ്ട്രീയക്കാർ, വയോധികർക്കുള്ള പെൻഷൻ അവരുടെ വീടുകളിൽ എത്തിക്കാനും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.