ഹരിദ്വാറിലെ സർവാനന്ദ് ഘട്ടിൽ വളർത്തുനായയെ ഗംഗാനദിയിലിറക്കി കുളിപ്പിച്ച യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി . നദി പുണ്യമാണെന്നും അവിടെ നായയെ കുളിപ്പിക്കരുതെന്നും സമീപത്തുണ്ടായിരുന്ന ഭക്തരും പൂജാരിമാരും ആവശ്യപ്പെട്ടെങ്കിലും യുവതി അത് കേൾക്കാൻ തയ്യാറായില്ല. പകരം അവര്‍ വാക്കുതർക്കം തുടങ്ങുകയായയിരുന്നു.
മറ്റുള്ളവർ എതിർപ്പുമായി എത്തിയതോടെ യുവതി കൂടുതൽ പ്രകോപിതയാകുകയും നാട്ടുകാരുമായി രൂക്ഷമായി തർക്കിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാവ് ഇവരെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നദിയുടെ പവിത്രതയെക്കുറിച്ച് ജനങ്ങൾ സംസാരിച്ചപ്പോൾ, നായയെ അവിടെ ഇറക്കിയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്നായിരുന്നു യുവതിയുടെ ചോദ്യം. ഒടുവിൽ ബഹളം രൂക്ഷമായതോടെ ഇവർ നായയുമായി അവിടെനിന്നും മടങ്ങി.
വിഡിയോ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഉയർന്ന ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെടുന്ന ഒരാൾ എന്തിനാണ് ഇങ്ങനെ വാശി പിടിക്കുന്നതെന്ന് ചിലർ ചോദിക്കുമ്പോൾ, നദിയിൽ മാലിന്യം തള്ളുന്നവർക്കും കുളിക്കാത്തവർക്കും നായയുടെ കാര്യത്തിൽ മാത്രം എന്താണ് ഇത്ര പരാതിയെന്ന് മറ്റുചിലർ ചോദിക്കുന്നു. ശുചിത്വത്തിനാണോ ആചാരത്തിനാണോ പ്രാധാന്യം നൽകേണ്ടതെന്ന ചർച്ചയും ഇതോടെ സജീവമായി.




