കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ എന്ന സിനിമയുടെ പ്രമോഷനിടെ അവതാരക രഞ്ജിനി ഹരിദാസ് നടത്തിയ ഇടപെടലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ടൊവിനോ തോമസ്, ബേസിൽ ജോസഫ് തുടങ്ങിയ താരങ്ങളെ കാണാൻ എത്തിയ വൻ ജനക്കൂട്ടത്തിനിടയിൽ ചില കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നതാണ് സംഭവങ്ങളുടെ തുടക്കം. മാതാപിതാക്കളുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടതോടെ രഞ്ജിനി ഉടൻ തന്നെ മൈക്കിലൂടെ കുട്ടികളെ കണ്ടെത്താനുള്ള അറിയിപ്പുകൾ നൽകി.
രഞ്ജിനി ഈ ഗൗരവകരമായ വിവരം മൈക്കിലൂടെ അനൗൺസ് ചെയ്യുന്നതിനിടയിൽ, കാണികളിൽ ഒരാൾ മോശമായ രീതിയിൽ കളിയാക്കി സംസാരിച്ചു. ഇത് രഞ്ജിനിയെ പ്രകോപിപ്പിച്ചു. തമാശ പറയേണ്ട സാഹചര്യമല്ല ഇതെന്ന് വ്യക്തമാക്കിയ അവർ, തികച്ചും കടുത്ത ഭാഷയിൽ തന്നെ ആ വ്യക്തിക്ക് മറുപടി നൽകി. കുട്ടികളെ കാണാതാകുമ്പോൾ പരിഹസിക്കുന്ന ചിന്താഗതിയെ രഞ്ജിനി വേദിയിൽ വച്ച് പരസ്യമായി വിമർശിച്ചു.
“നിന്റെ അമ്മയാണെങ്കിൽ നീ ഇങ്ങനെ പറയുമോ?” എന്ന് ചോദിച്ച രഞ്ജിനി, ആളുകൾ അപകടത്തിൽപ്പെടുമ്പോൾ ചിരിക്കുന്ന ഇത്തരം പ്രവണതകൾ വളരെ ബോറാണെന്നും കൂട്ടിച്ചേർത്തു. ആ വ്യക്തിയുടെ മുഖം താൻ മറക്കില്ലെന്ന് രോഷത്തോടെ പറഞ്ഞ രഞ്ജിനിയുടെ വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. രഞ്ജിനിയുടെ ഈ ഉറച്ച നിലപാടിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മറ്റ് അവതാരകരാണെങ്കിൽ ഈ സാഹചര്യം കൈകാര്യം ചെയ്യാൻ മടിക്കുമെന്നും രഞ്ജിനിയുടെ ധൈര്യം അഭിനന്ദനാർഹമാണെന്നും പലരും കുറിച്ചു.




