Featured Spotlight

സവര്‍ക്കര്‍ 5 തവണ മാപ്പപേക്ഷ നല്‍കി; പശുവിനെ ദൈവമായി കണക്കാക്കിയിട്ടില്ല; കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍

മുംബൈ: വി.ഡി. സവർക്കർ തന്റെ തടവുശിക്ഷാ കാലത്ത് അഞ്ചുതവണ ബ്രിട്ടീഷ് സർക്കാരിന് ദയാഹർജി നൽകിയിരുന്നുവെന്ന് കൊച്ചുമകൻ സത്യകി സവർക്കർ കോടതിയിൽ സമ്മതിച്ചു. ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം സവർക്കറെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നൽകിയ കേസിൽ, പുണെയിലെ പ്രത്യേക കോടതിയിൽ മൊഴി നൽകുകയായിരുന്നു അദ്ദേഹം. സവർക്കർ മാത്രമല്ല, അക്കാലത്തെ പല രാഷ്ട്രീയ തടവുകാരും ഇത്തരം അപേക്ഷകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സവർക്കർ പശുവിനെ ദൈവമായി ആരാധിച്ചിരുന്നില്ലെന്നും മറിച്ച് ഉപകാരപ്രദമായ ഒരു മൃഗമായി മാത്രമാണ് കണ്ടിരുന്നതെന്നും വിസ്താരത്തിനിടെ സത്യകി വ്യക്തമാക്കി.

ദ്വിരാഷ്ട്രവാദം സവർക്കറുടെ ആശയമായിരുന്നു എന്ന ആരോപണം ശരിയല്ലെന്നും സത്യകി കോടതിയിൽ പറഞ്ഞു. വിഭജനവുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ടെങ്കിലും ഈ ആശയം ആദ്യമായി മുന്നോട്ടുവെച്ചത് സർ സയ്യിദ് അഹമ്മദ് ഖാനാണെന്ന് അദ്ദേഹം വിശദീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിൽ ചേരാൻ സവർക്കർ അപേക്ഷ നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത് കേവലം ജോലിക്ക് വേണ്ടിയായിരുന്നില്ല, മറിച്ച് സവർക്കറുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തെ യുവാക്കൾക്ക് സൈനിക പരിശീലനവും ആയുധവിദ്യയും ആവശ്യമാണെന്ന് സവർക്കർ കരുതിയിരുന്നു. സ്വാതന്ത്ര്യം കിട്ടിയ ഉടൻ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചപ്പോൾ തിരിച്ചടിക്കാൻ കഴിഞ്ഞത് ഇത്തരം പരിശീലനം ലഭിച്ചവർ സൈന്യത്തിൽ ഉള്ളതുകൊണ്ടാണെന്നും സത്യകി സവർക്കർ കോടതിയിൽ പറഞ്ഞു. സവർക്കറുടെ നിലപാടുകളെയും ചരിത്രപരമായ ഇടപെടലുകളെയും കുറിച്ച് രാഹുൽ ഗാന്ധിക്കെതിരായ കേസിൽ ക്രോസ് വിസ്താരം നടക്കുമ്പോഴാണ് ഈ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ ഉണ്ടായത്.