Crime

അവിഹിതം ഭര്‍ത്താവ് അറിഞ്ഞു; കൊല്ലാന്‍ 10ലക്ഷത്തിന് ഭാര്യയുടെ ക്വട്ടേഷന്‍, പണി പാളി, 11 പേര്‍ അറസ്റ്റില്‍

ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ പ്രൊഡത്തൂരിൽ, അവിഹിതബന്ധം കണ്ടെത്തിയ ഭർത്താവിനെ വധിക്കാൻ ഭാര്യ നൽകിയ ക്വട്ടേഷൻ പരാജയപ്പെട്ടു. വധശ്രമത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഭർത്താവ് നൽകിയ പരാതിയെത്തുടർന്ന് ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘവുമടക്കം 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലിംഗപുരം ഗ്രാമവാസിയായ ഈശ്വർ റെഡ്ഡിയുടെ പരാതിയിലാണ് ഭാര്യ ശിൽപ ഉൾപ്പെടെയുള്ളവർ പിടിയിലായത്.

സർക്കാർ ആശുപത്രി ജീവനക്കാരനായ നാഗ സുധീറുമായി ശിൽപ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഈശ്വർ റെഡ്ഡി അറിഞ്ഞതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതക പദ്ധതിയിലേക്ക് നയിച്ചത്. ഭർത്താവിനെ ഇല്ലാതാക്കാൻ ശിൽപ സ്വന്തം സ്വർണാഭരണങ്ങൾ വിറ്റ് പത്തു ലക്ഷം രൂപ സംഘടിപ്പിക്കുകയും കാമുകനുമായി ചേർന്ന് വാടകക്കൊലയാളികളെ ഏർപ്പാടാക്കുകയും ചെയ്തു. എന്നാൽ ഈ നീക്കം പാളുകയായിരുന്നു.

ഭാര്യയുടെ വഴിവിട്ട ബന്ധം അറിഞ്ഞതുമുതൽ ഈശ്വർ റെഡ്ഡി അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ആഭരണങ്ങൾ വിറ്റതും അദ്ദേഹത്തിൽ സംശയം ജനിപ്പിച്ചു. ഇതിനിടെ പ്രൊഡത്തൂർ ബൈപ്പാസിൽ വെച്ച് ഈശ്വർ റെഡ്ഡി സഞ്ചരിച്ച ബൈക്കിൽ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ പ്രതികൾ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. തുടർന്ന് പോലീസിനെ സമീപിച്ചതോടെയാണ് ഗൂഢാലോചനയുടെ ചുരുളഴിയുന്നതും പ്രതികൾ കുടുങ്ങുന്നതും.

പ്രൊഡത്തൂർ പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിൽ പ്രതികളിൽ നിന്നും പത്ത് മാരകായുധങ്ങളും രണ്ട് കാറുകളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ക്വട്ടേഷൻ തുകയിൽ ബാക്കിയുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ 11 പേർക്കുമെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.