കൊളംബോ: ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിലും വിവാദങ്ങള്‍ക്കു പഞ്ഞമുണ്ടായില്ല. ഇന്ത്യ, പാക് താരങ്ങള്‍ കൈ കൊടുക്കാതിരുന്നതു തന്നെ ശ്രദ്ധേയമായിരുന്നു. മത്സരത്തിനിടെ പാക് ബൗളര്‍ നഷ്‌റ സന്ധു ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറിനെ തുറിച്ചുനോക്കി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതു വൈറലായി.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 22-ാം ഓവറിലാണ് സംഭവം. 21 പന്തില്‍ 16 റണ്ണുമായി നില്‍ക്കുകയായിരുന്നു ഹര്‍മന്‍പ്രീത്. അഞ്ചാം പന്ത് ഹര്‍മന്‍ അതിര്‍ത്തി കടത്തി. അവസാന പന്ത് ബൗളര്‍ക്കു നേരെയായി. ഹര്‍മന്‍ അടിച്ച പന്ത് കൈയിലെടുത്ത നഷ്‌റ ഇന്ത്യന്‍ നായികയെ തുറിച്ചുനോക്കി. ഏറെനേരം കൗറിനെ തുറിച്ചു നോക്കിയാണ് പാക് ബൗളര്‍ കടന്നുപോയത്. വളരെ ശാന്തമായിട്ടാണ് ഇന്ത്യന്‍ നായിക തുറിച്ചു നോട്ടത്തെ നേരിട്ടത്. മത്സരത്തിന് മുമ്പ് പാകിസ്‌താന്‍ ടീം നായിക ഫാത്തിമ സനയ്‌ക്ക് ഹസ്‌തദാനം നല്‍കാന്‍ ഹര്‍മന്‍പ്രീത് കൗര്‍ തയാറായില്ല.
ഏഷ്യാ കപ്പില്‍ സ്വീകരിച്ച അതേ സമീപനം തന്നെ വനിതാ ലോകകപ്പിലും ഇന്ത്യ തുടര്‍ന്നു. 19 റണ്ണിനു പുറത്തായെങ്കിലും ഹര്‍മന് ഒരു റെക്കോഡ് കുറിക്കാനായി. ഏറ്റവും കുടുതല്‍ ഏകദിന ജയം സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ 90 പൂര്‍ത്തിയാക്കാന്‍ ഹര്‍മനായി. ഓസ്‌ട്രേലിയന്‍ നായിക മെഗ് ലാനിങിന്റെ റെക്കോഡാണ് ഹര്‍മന്‍ മറികടന്നത്. ഹര്‍മന്‍ 154 ഏകദിനങ്ങളിലായി 90 ജയമറിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കായി 103 മത്സരങ്ങള്‍ കളിച്ച ലാന്നിങ് 89 ജയങ്ങളറിഞ്ഞു. 13 മത്സരങ്ങളില്‍ മാത്രമാണു ലാന്നിങ് തോല്‍വി നേരിട്ടത്. ഇന്ത്യയുടെ മുന്‍ താരം മിതാലി രാജ് 232 ഏകദിനങ്ങളിലായി 129 ജയവുമായി ഒന്നാം സ്‌ഥാനത്താണ്. മിതാലി 99 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞു. എലിസ് പെറി (125) മിതാലി രാജിന്റെ റെക്കോഡ് ഈ ലോകകപ്പില്‍ മറികടക്കാന്‍ സാധ്യതയുണ്ട്.




