Spotlight

കല്യാണത്തലേന്നത്തെ ചടങ്ങുകള്‍ക്കിടെ ശാരീരിക അസ്വസ്‌ഥത; വിവാഹദിനം വരന്‍ മരിച്ചു

തൃപ്പൂണിത്തുറയിൽ വിവാഹദിനത്തിൽ വരൻ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് അന്തരിച്ചു. ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ മകൻ ജസ്റ്റിൻ വി. ജോൺ (32) ആണ് മരിച്ചത്. തൃപ്പൂണിത്തുറ സ്വദേശിനിയുമായുള്ള ജസ്റ്റിന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.

വിവാഹത്തിന് തലേദിവസം നടന്ന ചടങ്ങുകൾക്കിടെയാണ് ജസ്റ്റിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഉടൻതന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിവാഹം മാറ്റിവയ്ക്കാൻ ബന്ധുക്കൾ തീരുമാനിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ ജസ്റ്റിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംസ്‌കാരം നാളെ വൈകുന്നേരം മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടക്കും. എൽസമ്മയാണ് മാതാവ്. ജിനു മരിയ (ഓസ്‌ട്രേലിയ) ഏക സഹോദരിയാണ്.