ഐപിഎൽ മത്സരത്തിനിടെ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന് (Obstructing the field) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം അംഗ്ക്രിഷ് രഘുവംശിക്കു വൻതുക പിഴ ചുമത്തി ഐപിഎൽ സംഘാടകര്‍. കൊൽക്കത്ത ടീമിന്റെ ശക്തമായ എതിർപ്പിനിടെ തേർഡ് അമ്പയർ റോഹൻ പണ്ഡിറ്റാണ് ഔട്ട് വിധിച്ചത്. ഐപിഎൽ ചരിത്രത്തിൽ ഇത്തരത്തിൽ പുറത്താകുന്ന നാലാമത്തെ ബാറ്ററാണ് രഘുവംശി.
ഈ തീരുമാനത്തിന് പിന്നാലെ അമ്പയർക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. രഘുവംശി മനഃപൂർവമല്ല പന്ത് തടഞ്ഞതെന്നായിരുന്നു പ്രധാന വാദം. എങ്കിലും ഐപിഎൽ നിയമങ്ങൾ പ്രകാരം ബാറ്റിന്റെയോ ബാറ്ററുടെയോ ഭാഗത്തുനിന്ന് തടസ്സമുണ്ടായാൽ ഇത്തരം വാദങ്ങൾക്ക് പ്രസക്തിയില്ല.
കൊൽക്കത്ത ഇന്നിങ്‌സിലെ അഞ്ചാം ഓവറിലായിരുന്നു ഈ നാടകീയ സംഭവങ്ങൾ. പ്രിൻസ് യാദവ് എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട രഘുവംശി റണ്ണിനായി ഓടിയെങ്കിലും സഹതാരം കാമറൂൺ ഗ്രീൻ തിരിച്ചയച്ചു. ക്രീസിലേക്ക് തിരിഞ്ഞോടിയ രഘുവംശിയുടെ ദേഹത്ത് മുഹമ്മദ് ഷമി എറിഞ്ഞ പന്ത് തട്ടുകയായിരുന്നു. ഇതോടെ പന്തിന്റെ വേഗത കുറഞ്ഞുവെന്നും ഇത് ഔട്ട് ആണെന്നും വാദിച്ച് ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് അപ്പീൽ ചെയ്തു.
താരം മനപ്പൂർവം പന്തിന്റെ ദിശ തടസ്സപ്പെടുത്തിയെന്നാണ് ലഖ്‌നൗ ടീം ആരോപിച്ചത്. രഘുവംശി പന്ത് വരുന്നത് നോക്കുന്നുണ്ടായിരുന്നുവെന്നും ലൈൻ മാറിയാണ് ഓടിയതെന്നും പരിശോധനയിൽ വ്യക്തമായതോടെ തേർഡ് അമ്പയർ ഔട്ട് നൽകി.
‘ഒരു ബാറ്റർ റണ്ണിനായി ഓടുമ്പോൾ കൃത്യമായ കാരണമില്ലാതെ ദിശ മാറുകയും ഫീൽഡറുടെ ശ്രമം തടസ്സപ്പെടുത്തുകയും ചെയ്താൽ അപ്പീൽ പ്രകാരം ഔട്ട് നൽകാം. റണ്ണൗട്ട് സാധ്യത അവിടെ പ്രസക്തമല്ല’ – ഇതാണ് ഐപിഎൽ ചട്ടം. രണ്ട് കാര്യങ്ങളാണ് അമ്പയറുടെ തീരുമാനത്തിൽ നിർണായകമായത്. ഒന്ന്, രഘുവംശി ഓടുന്ന ദിശ മാറ്റി എന്നത്. രണ്ട്, അത് എന്തിനു വേണ്ടി എന്നതും. ആദ്യം ഓടിയ പാതയിലല്ല താരം ക്രീസിലേക്ക് തിരിച്ചോടിയത്. അൽപ്പം മാറിയുള്ള ഈ ഓട്ടം ഔട്ട് വിധിക്കാൻ കാരണമായി. കൂടാതെ, ഫീൽഡറെ കൃത്യമായി നിരീക്ഷിച്ചാണ് താരം നീങ്ങിയതെന്നും അമ്പയർ വിലയിരുത്തി. സ്റ്റമ്പ് ലക്ഷ്യമാക്കിയുള്ള ത്രോ തടയാൻ വേണ്ടിയാണ് രഘുവംശി പാത മാറിയതെന്ന നിഗമനത്തിൽ അമ്പയർ എത്തിച്ചേർന്നു. ഇത് നിയമപ്രകാരം ഔട്ട് നൽകാൻ മതിയായ കാരണമാണ്.
രഘുവംശിക്ക് യഥാർഥത്തിൽ ഫീൽഡിങ് തടസ്സപ്പെടുത്താൻ ഉദ്ദേശ്യമുണ്ടായിരുന്നോ എന്നതാണ് പ്രധാന ചർച്ചാവിഷയം. എന്നാൽ ക്രിക്കറ്റ് നിയമത്തിൽ അത്തരം ഉദ്ദേശ്യങ്ങളെക്കുറിച്ച് പറയുന്നില്ല. താരത്തിന്റെ ഉള്ളിലെ താല്പര്യമോ, ഫീൽഡറുടെ പന്ത് സ്റ്റമ്പിൽ കൊള്ളുമായിരുന്നോ എന്നതോ ഇവിടെ പരിഗണനയിലില്ല. ഓട്ടത്തിന്റെ പാത മാറ്റുകയും ഫീൽഡറുടെ ത്രോയ്ക്ക് തടസ്സമായി താരം വരികയും ചെയ്തതോടെ പുറത്താകൽ ഉറപ്പായി. നിയമം കൃത്യമായി പാലിക്കേണ്ടതിനാൽ തേർഡ് അമ്പയർക്ക് മറ്റ് വിട്ടുവീഴ്ചകൾ ചെയ്യാനാവില്ലായിരുന്നു.
അമ്പയറുടെ തീരുമാനത്തിൽ രോഷാകുലനായ രഘുവംശി തന്റെ ഹെൽമറ്റ് വലിച്ചെറിയുകയും ബാറ്റ് ബൗണ്ടറി ലൈനിൽ ആഞ്ഞടിക്കുകയും ചെയ്തു. കൊൽക്കത്ത പരിശീലകൻ അഭിഷേക് നായർ നാലാം അമ്പയറുമായി ഈ വിഷയത്തിൽ ദീർഘനേരം വാദിച്ചു. അമ്പയർമാരോട് തർക്കിച്ചതിനും അച്ചടക്കലംഘനം നടത്തിയതിനും രഘുവംശിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ ശിക്ഷയും ഐപിഎൽ അധികൃതർ വിധിച്ചു.




