Movie News

സിനിമ ഹിറ്റാണോ ഫ്ലോപ്പാണോ? റിലീസിനു മുമ്പേ എ.ഐ പറയും! വിപ്ലവകരമായ സാങ്കേതിക വിദ്യയുമായി മലയാളി സംരംഭകൻ

സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അത് ഹിറ്റാകുമോ എന്ന് എഐ പ്രവചിക്കുന്ന കാലം വരുന്നു. ആഗോള സിനിമാരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പുതിയ എഐ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുന്നത് കൊച്ചി സ്വദേശിയായ ആദിത് കളത്തിൽ ബോസ് എന്ന മലയാളി സംരംഭകനാണ്. ന്യൂസിലൻഡിലെ ടൗറംഗയിൽ നിന്നാണ് ‘കലെസിയോ’ (Calesio) എന്ന പേരിൽ ഈ എഐ പ്ലാറ്റ്‌ഫോം അദ്ദേഹം പുറത്തിറക്കിയത്.

സിനിമയുടെ തിരക്കഥകൾ വായിച്ച് പ്രേക്ഷകരുടെ പ്രതികരണം മുൻകൂട്ടി വിലയിരുത്തുന്ന രീതിയാണിത്. ഒരു കഥ സിനിമയാകുന്നതിന് മുൻപ് തന്നെ ജനങ്ങൾ അത് എങ്ങനെ സ്വീകരിക്കുമെന്ന് ഈ സംവിധാനം പറഞ്ഞുതരും. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ പ്ലാറ്റ്‌ഫോമാണിത്. സാധാരണയായി സിനിമ റിലീസ് ചെയ്ത ശേഷമാണ് തിരക്കഥയിലെ പുതുമയും ആവേശയുമൊക്കെ വിലയിരുത്തി വിജയം നിർണ്ണയിക്കുന്നത്. എന്നാൽ കലെസിയോയിലൂടെ എഴുത്തുകാർക്കും നിർമ്മാതാക്കൾക്കും തിരക്കഥ അപ്‌ലോഡ് ചെയ്യാം. തുടർന്ന് പതിനായിരത്തോളം എഐ പ്രേക്ഷകർ ഇത് ദൃശ്യരൂപത്തിൽ കണ്ട് അഭിപ്രായം രേഖപ്പെടുത്തും. തിരക്കഥകളുടെ സുരക്ഷയും ഉടമസ്ഥാവകാശവും പ്ലാറ്റ്‌ഫോം ഉറപ്പുനൽകുന്നുണ്ടെന്ന് ആദിത് പറഞ്ഞു.

വിവിധ പ്രായത്തിലും സ്ഥലങ്ങളിലും അഭിരുചികളിലുമുള്ള എഐ പ്രേക്ഷകരായിരിക്കും ഇതിലുണ്ടാകുക. ഇവരുടെ പ്രതികരണങ്ങൾ വിശകലനം ചെയ്ത് അവസാനം ഒരു ‘ഗ്രീൻലൈറ്റ് റിപ്പോർട്ട്’ നൽകും. സിനിമയുടെ സ്കോറും ഏതൊക്കെ വിഭാഗം ആളുകൾക്ക് കഥ ഇഷ്ടപ്പെടുമെന്ന കാര്യവും ഇതിലൂടെ വിശദമായി അറിയാൻ സാധിക്കും.

പ്രദേശത്തിനും ഭാഷയ്ക്കും അനുസരിച്ച് പ്രേക്ഷകരുടെ താല്പര്യങ്ങൾ മാറുന്നത് പരിഗണിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്ന് ആദിത് ബോസ് വ്യക്തമാക്കി. മലയാളി പ്രേക്ഷകരുടെ അഭിരുചിയും സാമൂഹിക പശ്ചാത്തലവും മനസ്സിലാക്കി പ്രവർത്തിക്കാൻ ഇതിലെ എഐ പ്രേക്ഷകർക്ക് സാധിക്കും. നേരത്തെ പ്രേക്ഷകരുടെ താല്പര്യം അറിയാൻ വലിയ ചിലവും സമയവും ആവശ്യമായിരുന്നെങ്കിൽ കലെസിയോ അത് എളുപ്പമാക്കും. ഈ സാങ്കേതികവിദ്യയ്ക്ക് ന്യൂസിലൻഡിൽ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.