വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ലണ്ടനിലാണ് താമസം. സ്വകാര്യ ജീവിതമാണ് നയിക്കുന്നതെങ്കിലും, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാനും സഹ ക്രിക്കറ്റ് താരങ്ങളുമായി ബന്ധം പുലര്‍ത്താനും അവര്‍ ശ്രദ്ധിക്കാറുണ്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ് അടുത്തയിടെ ഒരു സംഭവം വെളിപ്പെടുത്തി. ന്യൂസിലന്‍ഡിലെ ഒരു കഫേയില്‍വച്ച് താനും വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഏകദേശം നാല് മണിക്കൂറോളം സംസാരിച്ചുവെന്നും ഒടുവില്‍ കഫേ അധികൃതര്‍ ഇറക്കിവിട്ടെന്നുമാണ് ജെമീമ പറഞ്ഞത്.
മാഷബിള്‍ ഇന്ത്യയുമായി സംസാരിക്കവെ, ജെമീമയും സഹതാരം സ്മൃതി മന്ഥാനയും ബാറ്റിംഗിനെക്കുറിച്ച് ഉപദേശം തേടാനാണ് വിരാടിനെ കാണാന്‍ ചെന്നത്. ആദ്യം, അവര്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചു, പിന്നീട് പുരുഷ- വനിതാ ടീമുകള്‍ താമസിച്ചിരുന്ന ഹോട്ടലിലെ ഒരു കഫേയിലേക്ക് വിരാടിനെ ക്ഷണിച്ചു. അനുഷ്‌കയും വിരാടിനൊപ്പം കഫേയില്‍ എത്തിയിരുന്നു. ആദ്യ അരമണിക്കൂര്‍ ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിച്ചതെന്നും ജെമീമ പറഞ്ഞു.
”നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വനിതാ ക്രിക്കറ്റില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുണ്ട്, അത് സംഭവിക്കുന്നത് എനിക്ക് കാണാന്‍ കഴിയും,” വിരാട് തങ്ങളോട് പറഞ്ഞതായി ജെമീമ ഓര്‍ത്തെടുത്തു. സംസാരം പെട്ടെന്ന് തന്നെ ക്രിക്കറ്റില്‍ നിന്ന് ജീവിതത്തെക്കുറിച്ചും മറ്റ് പല കാര്യങ്ങളെക്കുറിച്ചും മാറി. അവരുടെ സംഭാഷണം ഏകദേശം നാല് മണിക്കൂറോളം നീണ്ടു. ”കുറെ കാലം അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കള്‍ കണ്ടുമുട്ടി സംസാരിക്കുന്നത് പോലെയായിരുന്നു അത്. കഫേ ജീവനക്കാര്‍ ഞങ്ങളെ പുറത്താക്കിയതുകൊണ്ടാണ് ഞങ്ങള്‍ക്ക് സംസാരം നിര്‍ത്തേണ്ടി വന്നത്,” ജെമീമ പറഞ്ഞു.
മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്ന് അകന്ന് സ്വകാര്യ ജീവിതം നയിക്കാന്‍ വേണ്ടിയാണ് വിരാടും അനുഷ്‌കയും കുഞ്ഞുങ്ങള്‍ ജനിച്ചതിന് ശേഷം ലണ്ടനിലേക്ക് താമസം മാറ്റിയത്. 2024-ല്‍ അനുഷ്‌ക അവരുടെ രണ്ടാമത്തെ കുഞ്ഞായ അക്കയ് കോഹ്ലിക്ക് ലണ്ടനില്‍ വെച്ചാണ് ജന്മം നല്‍കിയത്. വാമികയ്ക്കും അക്കയ്ക്കുമൊപ്പം കുടുംബം പലപ്പോഴും നഗരത്തില്‍ കറങ്ങാന്‍ ഇറങ്ങാറുണ്ട്. നേരത്തെ, മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവ് ഡോ. ശ്രീറാം നെനെയും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു.




