Celebrity

വിജയ്ക്ക് നടിയുമായി വിവാഹേതര ബന്ധം; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത 

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിക്കെതിരെ ഭാര്യ സംഗീത കുടുംബ കോടതിയില്‍ വിവാഹ മോചന ഹർജി നൽകി. മറ്റൊരു നടിയുമായുള്ള ബന്ധം ആരോപിച്ചാണ് ചെങ്കൽപെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹർജി പരിഗണിച്ച കോടതി ഏപ്രിൽ 20ന് നേരിട്ട് ഹാജരാകാൻ വിജയിനോട് നിർദേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഗീത കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും നീലാങ്കരയിലെ വീട്ടിൽ അകന്നു കഴിയുകയാണെങ്കിലും ഇക്കാര്യം ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല.

നടിയുമായുള്ള വിജയിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് 2021 ഏപ്രിലിലാണ് താൻ അറിഞ്ഞതെന്ന് സംഗീത ഹർജിയിൽ വ്യക്തമാക്കുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും താരം തന്നെ കടുത്ത രീതിയിൽ അവഗണിക്കുകയാണെന്നും സംഗീത ആരോപിക്കുന്നു.

വിവാഹ മോചനത്തിന് വിജയ് സമ്മതിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. യുകെയില്‍ വളര്‍ന്ന ശ്രീലങ്കൻ തമിഴ് വംശജയായ സംഗീത വിജയിന്റെ കടുത്ത ആരാധകയായിരുന്നു. ചെന്നൈ യാത്രയ്ക്കിടെയുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ. പുറത്തുവന്ന വാർത്തകളോട് വിജയിയോ സംഗീതയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.