Crime

രണ്ടാംഭാര്യയേയും കാമുകനേയും കൊന്നു; അറുത്തുമാറ്റിയ തലകളുമായി പോലീസില്‍ കീഴടങ്ങി

തമിഴ്നാട് കള്ളക്കുറിച്ചിയില്‍ ഞെട്ടിക്കുന്ന കൊലപാതകം. രണ്ടാംഭാര്യയേയും കാമുകനേയും ഭര്‍ത്താവ് തലയറുത്ത് കൊന്നു. കൊലപാതകശേഷം ഇയാള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങി. അറുത്തുമാറ്റിയ തലകളുമായാണ് കീഴടങ്ങാന്‍ എത്തിയത്. ദിവസവേതന തൊഴിലാളിയായ കോളാഞ്ചി(60) എന്നയാളാണ്‌ ഇരട്ടക്കൊലപാതകം നടത്തിയത്‌. ഇയാളുടെ ഭാര്യ ലക്ഷ്‌മി, തങ്കരാജ്‌ എന്നിവരാണു കൊല്ലപ്പെട്ടത്‌. തന്റെ ഭാര്യയും തങ്കരാജും തമ്മില്‍ അടുപ്പമുണ്ടെന്നു കോളാഞ്ചി സംശയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരെയും ഒന്നിച്ചുകണ്ട കോളാഞ്ചി സ്‌ഥലത്തുവച്ചുതന്നെ രണ്ടുപേരെയും തലയറുത്തു കൊലപ്പെടുത്തുകയാായിരുന്നെന്നു പോലീസ്‌ പറഞ്ഞു. തുടര്‍ന്നു വെട്ടിമാറ്റിയ തലകള്‍ ബാഗുകളിലാക്കി 150 കിലോമീറ്റര്‍ അകലെയുള്ള വെല്ലൂര്‍ സെന്‍ട്രല്‍ ജയിലെത്തി കീഴടങ്ങി. പ്രതിക്കു രണ്ടു ഭാര്യമാരാണെന്നും പോലീസ്‌ പറഞ്ഞു. കല്ലക്കുറിച്ചി പോലീസ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്തു.

കൊലഞ്ചിയുടെ അല്‍വാസികള്‍ ഇയാളുടെ വീട്ടില്‍ തലയറുത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് നടുക്കുന്ന കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. കള്ളക്കുറിച്ചി ഡിഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇയാളില്‍ നിന്ന് കണ്ടെടുത്ത തലകള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. ഭാര്യയും കാമുകനും ബന്ധത്തില്‍ നിന്ന് പിന്‍മാറാത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.