ഉത്തർപ്രദേശിൽ നിന്നും ഏറെ ചർച്ചയായ ഒരു അപൂർവ്വ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നാല് വർഷത്തോളം നീണ്ട രഹസ്യ പ്രണയത്തിനൊടുവിൽ യുവാവ് തന്റെ അമ്മായിയമ്മയെ വിവാഹം കഴിച്ചു. കാൺപൂർ ദേഹത് ജില്ലയിലെ അക്ബർപൂർ മേഖലയിലാണ് ഈ സംഭവം നടന്നത്. കഴുത്തിൽ മാലയിട്ട് കോടതിയിൽ വെച്ച് രജിസ്റ്റർ വിവാഹം ചെയ്ത സർട്ടിഫിക്കറ്റുമായി ദമ്പതികൾ സന്തോഷത്തോടെ നിൽക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീട്ടിൽ നിന്നും ഒളിച്ചോടിയാണ് ഇവർ കോടതിയിൽ വെച്ച് വിവാഹിതരായത്.
യുവാവിന്റെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ആരും തന്നെ അറിയാതെയായിരുന്നു ഇവരുടെ പ്രണയം. ബന്ധം ശക്തമായതോടെ വീട്ടിൽ നിന്നും മാറി ജീവിക്കാനും നിയമപരമായി വിവാഹം കഴിക്കാനും ഇവർ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ചേർന്ന് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചു. തങ്ങൾ പരസ്പര സമ്മതത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നും, എല്ലാവരും തങ്ങളുടെ ബന്ധത്തെ അംഗീകരിച്ച് അനുഗ്രഹിക്കണമെന്നും ഇവർ വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.
സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഈ സംഭവത്തിന് പിന്നാലെ ഉണ്ടാകുന്നത്. ഇതൊരു പ്രണയകഥ മാത്രമല്ലെന്നും, ഒരു കുടുംബത്തെ മുഴുവൻ തകർത്ത സംഭവമാണെന്നും, ഇതിനിടയിൽ പെട്ടുപോയവരാണ് യഥാർത്ഥ ഇരകളെന്നും പലരും കുറിച്ചു. സ്വന്തം ചോര തന്നെ ചതിക്കുമ്പോൾ ഇനി ആരെയാണ് വിശ്വസിക്കേണ്ടത് എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.
ഇതിന് സമാനമായ മറ്റൊരു സംഭവം മുൻപ് ബിഹാറിലും നടന്നിരുന്നു. ഭാര്യയുടെ മരണശേഷം അമ്മായിയമ്മയുമായി പ്രണയത്തിലായ 45-കാരനായ യുവാവ് ഒടുവിൽ 55-കാരിയായ അമ്മായിയമ്മ ഗീതാദേവിയെ വിവാഹം കഴിക്കുകയായിരുന്നു. ഭാര്യ മരിച്ചതിനെ തുടർന്ന് ഇയാൾ അമ്മായിയമ്മയുടെ വീട്ടിലായിരുന്നു താമസം. എന്നാൽ ഒരു ദിവസം ഇവരുടെ ബന്ധം അമ്മായിയപ്പൻ കൈയോടെ പിടികൂടി. തുടർന്ന് ഗ്രാമവാസികളുടെ മുന്നിൽ വെച്ച് താൻ അമ്മായിയമ്മയെ സ്നേഹിക്കുന്നുണ്ടെന്ന് യുവാവ് സമ്മതിക്കുകയും അവരെ വിവാഹം കഴിക്കുകയുമായിരുന്നു.




